സംസ്ഥാനത്ത് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണ് മഴ കനക്കാൻ കാരണം.
ജൂലൈ 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) കർശന ജാഗ്രതാ നിർദേശം നൽകി.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും, അപകടസാധ്യത മുന്നിൽ കണ്ട് മുൻകരുതലിന്റെ ഭാഗമായി അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും അതോറിറ്റി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

