ഉത്തർപ്രദേശിലെ കാൻപുരിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വർണ്ണാഭരണശാല ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അശോക് കുമാർ രസ്തോഗി എന്നയാളാണ് പിടിയിലായത്.
കാൻപുരിലെ പ്രമുഖ സ്വർണ്ണാഭരണശാലയായ അശോക ജുവലേഴ്സിന്റെ ഉടമയാണ് ഇയാൾ. സ്ഥാപനത്തിൽ ജോലിക്ക് എത്തിയ പെൺകുട്ടിയെ ഇയാൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പ്രതി തന്ത്രപൂർവ്വം കുട്ടിയെ തന്റെ ഫാംഹൗസിലേക്ക് എത്തിച്ചാണ് പീഡനം നടത്തിയത്. ജോലി ആവശ്യങ്ങൾക്കായി സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടിയെ ഇയാൾ ഫാംഹൗസിലേക്ക് കൊണ്ടുപോയത്.
സ്വർണ്ണാഭരണങ്ങൾ കടയിലേക്ക് കൊണ്ടുപോകാൻ വാഹനം അത്യാവശ്യമാണെന്നും പുതിയ സ്കൂട്ടർ വാങ്ങി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഫാംഹൗസിൽ എത്തിയ ഉടൻ തന്നെ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്നും പലതവണ പെൺകുട്ടിയെ ഫാംഹൗസിലേക്ക് കൊണ്ടുപോയി ഇയാൾ പീഡനം തുടർന്നു. സ്വർണ്ണാഭരണശാലയ്ക്ക് പിന്നിലെ മുറിയിൽ വെച്ചും പീഡനം നടന്നതായി പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.
സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയുടെ കുടുംബത്തെ മുഴുവൻ ജയിലിലാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ മാനസിക സമ്മർദ്ദം സഹിക്കവയ്യാതെ പെൺകുട്ടി വിവരങ്ങൾ പിതാവിനോട് തുറന്നു പറയുകയും കുടുംബം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ അശോക് കുമാർ രസ്തോഗി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
മുൻപ് തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പഞ്ചാബ് സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഒൻപത് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ, ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു കുറ്റകൃത്യം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

