പ്രസവിച്ച് എട്ടാം ദിവസം കൂരിരുട്ടിൽ അമ്മത്തൊട്ടിലിനു മുന്നിൽ മണിക്കൂറുകളോളം വിതുമ്പി നിന്ന ആ രാത്രിയെക്കുറിച്ച് ആ അമ്മ ഓർക്കുന്നു. ‘മോനേ അമ്മയ്ക്ക് ഇപ്പോൾ ഇതേ നിവൃത്തിയുള്ളു.
എവിടെ പോയാലും എന്നെങ്കിലും ഒരിക്കൽ അമ്മ തിരിച്ചു വരും. മോനെ കൊണ്ടു പോകും’ എന്ന് കവിളുകളിൽ ഉമ്മ നൽകി ചെവിയിൽ മന്ത്രിച്ച ആ നിമിഷം അവർ മാധ്യമങ്ങളോട് പങ്കുവെച്ചു.
പിന്നീട് കുഞ്ഞിന്റെ വസ്ത്രങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചായിരുന്നു ഓരോ ദിവസവും തള്ളിനീക്കിയത്. നാലര മാസത്തിനു ശേഷം കുഞ്ഞിനെ തിരികെ ലഭിച്ചപ്പോൾ അന്ന് ചെയ്തുപോയ തെറ്റ് തിരുത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ യുവതി.
കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ നേരിട്ട് അധികൃതരെ സമീപിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടർന്നാണ് നടപടികൾ പൂർത്തിയാക്കി ഇന്നലെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയത്.
സ്വന്തം മാതാപിതാക്കളെക്കുറിച്ചുള്ള ഓർമ്മകളില്ലാത്ത ഇവർ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് വളർന്നത്. വിവാഹിതയായെങ്കിലും രണ്ടു വർഷത്തിനു ശേഷം ബന്ധം വേർപിരിഞ്ഞു.
ഈ ബന്ധത്തിൽ ഒരു മകനുണ്ട്. പിന്നീട് മറ്റൊരു ബന്ധത്തിലായ ഇവർ ഗർഭിണിയായ വിവരം വൈകിയാണ് അറിയുന്നത്.
വിവരമറിഞ്ഞതോടെ വീട്ടുകാർ പുറത്താക്കുകയും പങ്കാളി ഉപേക്ഷിക്കുകയും ചെയ്തു. രണ്ടു കുട്ടികളുമായി താമസിക്കാൻ ഇടമില്ലാതെ വലഞ്ഞ ഇവർക്ക് മാർച്ച് 4ന് പ്രസവം നടന്നു.
തുടർന്ന് മാർച്ച് 12ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചാൽ വീട്ടിൽ കയറ്റുമെന്ന പ്രതീക്ഷയായിരുന്നു ഇതിനു പിന്നിൽ.
എന്നാൽ ബന്ധുക്കൾ സ്വീകരിച്ചില്ല. തുടർന്ന് മാർച്ച് 14ന് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചതായും ‘ആരവ്’ എന്ന് പേരിട്ടതായും ദത്തെടുക്കൽ നടപടികൾ ആരംഭിച്ചതായും വാർത്തകളിൽ അറിഞ്ഞു.
താൻ വളർന്നതുപോലെ മറ്റുള്ളവരുടെ ഔദാര്യത്തിൽ കുഞ്ഞും വളരരുതെന്ന് തീർച്ചപ്പെടുത്തിയതോടെയാണ് നിയമപോരാട്ടവുമായി രംഗത്തിറങ്ങിയത്. ഇനി എല്ലാം ആദ്യമായി തുടങ്ങേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.
ആരവ് എന്ന പേരു മാറ്റി പുതിയൊരു പേരിടണം. ഇതിനോടകം വാടകവീട് കണ്ടെത്തിയിട്ടുണ്ട്.
മൂത്ത കുട്ടിക്ക് അസുഖമുള്ളതിനാൽ വാടകയും ചികിത്സാച്ചെലവുകളും കണ്ടെത്തണം. നിലവിൽ ഒരു സ്ഥാപനത്തിൽ ചെറിയ ജോലി ചെയ്യുന്നുണ്ടെങ്കിലും ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെയും കൂടെ കൊണ്ടുപോകേണ്ടതുണ്ട്.
വലിയ സൗകര്യങ്ങൾ നൽകാനില്ലെങ്കിലും തന്റെ ശ്വാസം നിലയ്ക്കും വരെ മക്കളെ ചേർത്തുപിടിച്ച് ജീവിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ അമ്മ. ദുരിതങ്ങൾക്കിടയിലും നന്മയുടെ കരം നീട്ടി ആരെങ്കിലും തുണയ്ക്കുമെന്ന പ്രതീക്ഷയോടെയാണ് അവർ ഇന്നലെ രണ്ടു മക്കളുമായി മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

