കാസർകോട് ജില്ലയിലെ പ്രമുഖ നേതാവും എം. രാഘവൻ പാർട്ടി ചുമതലകളിൽ നിന്നും പൂർണ്ണമായി ഒഴിവാകാൻ തീരുമാനിച്ചു.
തന്നെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്താത്തതിലെ കടുത്ത അമർഷത്തെ തുടർന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകി. തന്നേക്കാളും ജൂനിയറായ പലരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടും തനിക്ക് അർഹമായ പരിഗണന നിഷേധിക്കപ്പെട്ടു എന്ന പരാതിയാണ് ഈ കത്തിനു പിന്നിലുള്ളത്.
വിശാല ജില്ലാ കമ്മിറ്റി യോഗത്തിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം നേതൃത്വത്തിന് കത്ത് കൈമാറിയത്. കത്ത് നൽകിയതിന് പിന്നാലെ കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ്, കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഡയറക്ടർ എന്നീ ചുമതലകളും അദ്ദേഹം രാജിവെച്ചു.
തന്റെ രാജി അദ്ദേഹം സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർക്ക് കൈമാറി. “41 വർഷമായി പാർട്ടി അംഗമാണ്.
ചില വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്നാണ് പാർട്ടിയോട് ആവശ്യപ്പെട്ടത്. ഇനിയൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും രാഘവൻ പറഞ്ഞു.” സിഐടിയു ജില്ലാ കമ്മിറ്റി അംഗം, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ ജില്ലാ പ്രസിഡന്റ്, എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്, പുരുഷോത്തമൻ മെമ്മോറിയൽ ഫൗണ്ടേഷൻ, അതിയാമ്പൂർ ബാലബോധിനി വായനശാല എക്സിക്യൂട്ടീവ് അംഗം എന്നീ ചുമതലകളിൽ നിന്നു ഒഴിവാക്കണമെന്നും രാഘവൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരേതനായ കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായി രണ്ടു പതിറ്റാണ്ടോളമാണ് അദ്ദേഹം പ്രവർത്തിച്ചത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറിയായും അല്ലാതെയും സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മുൻ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2001-ൽ സർക്കാർ സർവീസിൽ നിന്നും സ്വയം വിരമിച്ചാണ് അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി കാഞ്ഞങ്ങാട്ടേക്ക് എത്തിയത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.
ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടേഷനിൽ കോടിയേരി ബാലകൃഷ്ണന്റെ പഴ്സനൽ സെക്രട്ടറിയായി തിരുവനന്തപുരത്ത് സേവനം അനുഷ്ഠിച്ചത്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.
എന്നാൽ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വം തന്നെ തഴഞ്ഞതോടെയാണ് അദ്ദേഹം പാർട്ടി ചുമതലകളിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

