അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക് ന്യായവിലയിൽ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പോഞ്ഞാശേരിയിൽ തൊഴിൽ വകുപ്പ് നിർമിച്ച ജനനി അപാർട്ട്മെന്റ് ലൈഫ് പദ്ധതിക്ക് കൈമാറുന്നത് സംബന്ധിച്ച ആലോചനകൾ സജീവമാകുന്നു. വെങ്ങോല പഞ്ചായത്തിലെ ലൈഫ് പദ്ധതി അപേക്ഷകർക്ക് ഈ ഫ്ലാറ്റുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ബേസിൽ കുര്യാക്കോസ് തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ അപേക്ഷ തുടർനടപടികൾക്കായി സർക്കാരിന്റെ പരിഗണനയിലേക്ക് കൈമാറി.
16 കോടി രൂപ ചെലവിൽ നിർമിച്ച 8 നിലകളുള്ള ഈ സമുച്ചയം കഴിഞ്ഞ 5 വർഷമായി ആളൊഴിഞ്ഞു കിടക്കുകയാണ്. തൊഴിൽ വകുപ്പിന്റെ സബ്സിഡിയോടെ ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
2021ൽ ആയിരുന്നു ഇതിന്റെ ഉദ്ഘാടനം നടത്തിയത്. രണ്ട് കിടപ്പുമുറികൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ 731 ചതുരശ്രയടി വിസ്തീർണമുള്ള 74 ഫ്ലാറ്റുകൾ അടങ്ങിയതാണ് ഈ സമുച്ചയം.
ഫ്ലാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് ഭവനം ഫൗണ്ടേഷൻ കേരള ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എം.ഷജീന, ജനറൽ മാനേജർ എസ്.റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ വെങ്ങോല പഞ്ചായത്തിൽ പ്രത്യേക യോഗം ചേർന്നു. വിൽപന സംബന്ധിച്ച വിഷയം നിലവിൽ ലൈഫ് മിഷന്റെ പരിഗണനയിലാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യോഗത്തിൽ വ്യക്തമാക്കി.
പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായവർക്ക് 6 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാമെന്നും ബാക്കി തുക സബ്സിഡിയായോ ഇളവായോ നൽകണമെന്നും വൈസ് പ്രസിഡന്റ് ടി.എച്ച്.മുഹമ്മദ് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഒരു കമ്പനി എന്ന നിലയിൽ ബിഎഫ്കെയ്ക്ക് സ്വന്തം നിലയിൽ ഇളവുകൾ അനുവദിക്കാൻ കഴിയില്ലെന്ന് സിഇഒ വ്യക്തമാക്കി.
അടിമാലി പഞ്ചായത്തിൽ ബിഎഫ്കെ നിർമിച്ച 217 അപ്പാർട്ട്മെന്റുകൾ ലൈഫ് മിഷൻ ഏറ്റെടുത്ത് ഗുണഭോക്താക്കൾക്ക് നൽകിയ മാതൃക സിഇഒ ചൂണ്ടിക്കാണിച്ചു. ഇരു വകുപ്പുകളുടെയും ഉന്നതതല യോഗം ചേർന്നാൽ വിൽപന നടപടികൾ കൂടുതൽ എളുപ്പമാകുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി വിഭാവനം ചെയ്ത പ്രാരംഭ ഘട്ടത്തിൽ 15 ലക്ഷം രൂപയായിരുന്നു ഫ്ലാറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. എന്നാൽ നിർമാണ സാമഗ്രികളുടെ വിലയിലും തൊഴിലാളികളുടെ കൂലിയിലും ഉണ്ടായ വർധനയെ തുടർന്ന് ഇത് 21 ലക്ഷമായി ഉയരുകയും പിന്നീട് 25 ലക്ഷമായി വർധിക്കുകയും ചെയ്തത് വിൽപനയെ സാരമായി ബാധിച്ചു.
ഒന്നാം ടവറിനൊപ്പം മറ്റ് 2 ടവറുകൾ കൂടി നിർമിക്കുന്നതിനായി തറക്കല്ലിട്ടിരുന്നെങ്കിലും, ഒന്നാമത്തെ ടവറിന്റെ ലക്ഷ്യം യാഥാർത്ഥ്യമാകാതെ വന്നതോടെ ബാക്കി ടവറുകളുടെ നിർമാണം ആരംഭിച്ചിരുന്നില്ല. ഫ്ലാറ്റുകൾ ലൈഫ് മിഷന് കൈമാറുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് വെങ്ങോല പഞ്ചായത്ത് അംഗം ബേസിൽ കുര്യാക്കോസ് ശക്തമായി ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

