ചീമേനിയിൽ ബസ് സ്റ്റാൻഡ് നിർമാണത്തിനായി പഞ്ചായത്ത് ആവിഷ്കരിച്ച ധനസമാഹരണ പദ്ധതിക്ക് തിരിച്ചടി. സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
റവന്യൂ വകുപ്പിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഭൂമി പാട്ടവ്യവസ്ഥയിലാണെന്ന കണ്ടെത്തലാണ് പ്രതിസന്ധിക്ക് കാരണമായത്.
മുൻ എംഎൽഎ എം.രാജഗോപാലൻ മുൻകൈയെടുത്താണ് ചീമേനിയിൽ ബസ് സ്റ്റാൻഡ് എന്ന ആശയം നടപ്പിലാക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കയ്യൂർ റോഡിന് സമീപം ഏകദേശം ഒരേക്കറോളം റവന്യൂ ഭൂമി ഏറ്റെടുത്തിരുന്നു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിനിയോഗിച്ച് ഇവിടെ ബസ് ഷെൽറ്റർ, ബൈപാസ് റോഡ്, ഓപ്പൺ ഓഡിറ്റോറിയം എന്നിവ നേരത്തെ നിർമിച്ചിരുന്നു. പദ്ധതിയുടെ തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി എട്ടു കോടിയോളം രൂപ വായ്പയിലൂടെ കണ്ടെത്താനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം.
എന്നാൽ സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കുന്നതിന് റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിബന്ധനകൾ തടസ്സമായി നിൽക്കുന്നു.
നിർമാണം പൂർത്തിയാക്കാൻ പത്തു കോടിയിലധികം രൂപ ആവശ്യമായി വരും. നിലവിലെ സാഹചര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു.
സ്റ്റാൻഡിനോട് അനുബന്ധിച്ച് വിപുലമായ വ്യാപാര സമുച്ചയം നിർമിക്കാനുള്ള പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് അന്തിമ അംഗീകാരം ലഭിച്ചാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.
വായ്പയ്ക്ക് ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നും സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. അതേസമയം, പദ്ധതി പൂർത്തീകരണം നീളുന്നത് പ്രദേശവാസികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ബസ് സ്റ്റാൻഡിനായി നിർമിച്ച വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗശൂന്യമായി കാടുപിടിച്ച അവസ്ഥയിലാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

