വയനാട്ടിൽ ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം കണ്ടെടുത്തു. ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ധീൻ വ്യക്തമാക്കി.
അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇന്ന് തന്നെ ഔദ്യോഗികമായി കേസ് ഫയൽ ചെയ്യുമെന്നും വീട്ടു ഉടമയായ ആന്റോ അഗസ്റ്റിനെ പ്രതിയാക്കിയായിരിക്കും നടപടിയെന്നും അദ്ദേഹം അറിയിച്ചു.
പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 67 ലിറ്ററിലധികം മദ്യശേഖരമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന അളവിൽ കൂടുതൽ മദ്യമാണ് കണ്ടെടുത്തതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ഔദ്യോഗിക വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് റെയ്ഡിനായി എത്തിയത്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
ആന്റോ അഗസ്റ്റിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമായി ഏകദേശം 14 മണിക്കൂറോളമാണ് പരിശോധന നീണ്ടത്.
കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. ഈ കേസിൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ നിയമവിരുദ്ധമായ വ്യാജ ഭാഗങ്ങൾ കൂട്ടിച്ചേർത്തുവെന്നാണ് പ്രധാന ആരോപണം. പ്രതികൾ പരസ്പരം ഗൂഢാലോചന നടത്തി സർക്കാരിനെയും പൊതുജനങ്ങളെയും ഒരുപോലെ വഞ്ചിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.
അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറിൽ കൃത്രിമം കാണിച്ച് വ്യാജമായ വിവരങ്ങൾ ഉൾപ്പെടുത്തി.
ഇതിലൂടെ പ്രതികൾ വലിയ സാമ്പത്തിക ലാഭം കൊയ്യാൻ ശ്രമിച്ചതായും അന്വേഷണ രേഖകളിൽ പരാമർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

