മഞ്ചേശ്വരം ∙ ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് വാഹനങ്ങൾ അടുത്തടുത്തായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫിനാൻസ് കമ്പനിയുടെ ജപ്തി നടപടികളിൽ നിന്നും രക്ഷനേടാനായി വ്യാജ നമ്പർ പതിപ്പിച്ച വാഹനം യഥാർത്ഥ വാഹനത്തിന്റെ തൊട്ടടുത്തായി കൊണ്ടുപോയി നിർത്തിയതാണ് സംഭവത്തിന് കാരണമായത്.
സെപ്റ്റംബർ 12ന് പുലർച്ചെ ഉപ്പള കൈക്കമ്പയിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്. ഒരേ പ്രദേശത്ത് ഒരേ നമ്പറിലുള്ള രണ്ട് ജീപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു.
രണ്ട് വാഹനങ്ങളിലും ‘കെഎൽ 14 എജെ 3008’ എന്ന നമ്പറാണ് പതിപ്പിച്ചിരുന്നത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും രണ്ട് വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നെല്ലിക്കുന്ന് സ്വദേശി ഉമ്മർ റാഷിദിന്റെ ഉടമസ്ഥതയിലുള്ള ഥാർ വാഹനത്തിന്റെ യഥാർത്ഥ നമ്പറാണ് ഇതെന്ന് വ്യക്തമായത്. ബേള കുഞ്ചാർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജീപ്പിലാണ് ഇതേ നമ്പർ വ്യാജമായി നിർമ്മിച്ച് പതിപ്പിച്ചത്.
വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാൻസ് കമ്പനിയുടെ റിക്കവറി ജീവനക്കാർ വാഹനം പിടിച്ചെടുക്കുമെന്ന ഭയമാണ് നമ്പർ മാറ്റാൻ കാര്യമെന്നാണ് പ്രാഥമിക വിവരം. എങ്കിലും, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ അസ്വാഭാവിക ഇടപാടുകളോ നടന്നിട്ടുണ്ടോ എന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തിൽ വാഹനം കൈകാര്യം ചെയ്തതടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

