തളിപ്പറമ്പ് പൂമംഗലം കുറുമാത്തൂരിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന കോളിയാടൻ കല്യാണി (80) ആണ് കവർച്ചയ്ക്ക് ഇരയായത്. 14-ാം തീയതി രാത്രിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
അടുത്തുതന്നെ ബന്ധുക്കളുടെ വീടുകളുണ്ടെങ്കിലും സംഭവസമയത്ത് ആരും സ്ഥലത്തുണ്ടായിരുന്നില്ല. രാത്രി ഏഴരയോടെ മുഖംമൂടി ധരിച്ചെത്തിയ യുവാവ് കോളിങ് ബെൽ അടിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മരപ്പണിക്കാരനെ അന്വേഷിച്ചാണ് ഇയാൾ എത്തിയത്. അങ്ങനെയൊരാൾ ഇവിടെയില്ലെന്ന് കല്യാണി മറുപടി നൽകിയപ്പോൾ, കോഴിക്കോട് സ്വദേശിയാണെന്നും വാടക കൊടുക്കാൻ വന്നതാണെന്നും യുവാവ് പറഞ്ഞു.
തുടർന്ന് കുടിക്കാൻ വെള്ളം ചോദിച്ച ഇയാൾ, കല്യാണി വെള്ളം നൽകിയതിന് പിന്നാലെ അസ്വസ്ഥത അഭിനയിച്ച് നിലത്ത് കിടന്നു. മസിൽ കയറിയതാണെന്നും മരുന്ന് വേണമെന്നും ആവശ്യപ്പെട്ട
യുവാവ്, സംഭാഷണത്തിനിടെ അപ്രതീക്ഷിതമായി എഴുന്നേറ്റ് കല്യാണിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കല്യാണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
വിവരം അറിഞ്ഞയുടൻ തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അർധരാത്രി വരെ പരിശോധനകൾ നടത്തിയെങ്കിലും യുവാവിനെ പിടികൂടാനായില്ല. വയോധിക തനിച്ചാണെന്ന് മനസ്സിലാക്കി ആസൂത്രിതമായാണ് പ്രതി എത്തിയതെന്ന് പൊലീസ് കരുതുന്നു.
സമീപകാലത്ത് ചിറവക്ക് ഭാഗത്ത് സമാനമായ രീതിയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവമുണ്ടായിരുന്നു. എന്നാൽ അന്ന് നഷ്ടപ്പെട്ടത് മുക്കുപണ്ടമായതിനാൽ പരാതി നൽകിയിരുന്നില്ല.
പൂമംഗലത്ത് ഇത്തരം അക്രമങ്ങൾ പതിവില്ലാത്തതിനാൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

