തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഫൊട്ടോഗ്രാഫറുടെ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയും ലെൻസുകളും മോഷണം പോയ സംഭവത്തിൽ ബാഗ് കണ്ടെത്തി. ചങ്ങനാശേരി നാലുകോടി കളത്തിപ്പറമ്പിൽ ഷോൺ ഡൊമിനിക്കിന്റെ ബാഗാണ് ചൊവ്വാഴ്ച യാത്രയ്ക്കിടെ നഷ്ടമായത്.
രാത്രി 10.45-ന് ചങ്ങനാശേരിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കോട്ടയത്ത് ട്രെയിൻ നിർത്തിയപ്പോൾ, ബുദ്ധിമുട്ടനുഭവിച്ച കുട്ടിയുമായി സീറ്റിനായി പരതുകയായിരുന്ന അമ്മയ്ക്ക് ഷോൺ തന്റെ സീറ്റ് വിട്ടുകൊടുത്തിരുന്നു.
ഈ തിരക്കിനിടെയാണ് ബാഗ് മോഷണം പോയത്. ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ ഷോൺ പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചെങ്കിലും സഹയാത്രികർ ഇടപെട്ട് ഇദ്ദേഹത്തെ തടയുകയായിരുന്നു.
ബാഗിനുള്ളിൽ ഉണ്ടായിരുന്ന ആപ്പിൾ എയർപോഡ് വഴി ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണെന്ന് വ്യക്തമായി. ഉടൻ തന്നെ വിവരം റെയിൽവേ പൊലീസിന് കൈമാറി.
സിപിഒ രാജേഷ് കുമാർ നേതൃത്വം നൽകിയ പരിശോധനയ്ക്കിടെ, പൊലീസിനെ കണ്ട മോഷ്ടാവ് ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ബാഗ് ലഭിച്ച വിവരം അറിഞ്ഞ ഷോൺ, പിറവത്ത് ട്രെയിനിറങ്ങി ഓട്ടോറിക്ഷയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി ബാഗ് ഏറ്റുവാങ്ങി. “വർഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് വാങ്ങിയ ക്യാമറയാണിതെന്നും ഇതുവരെ ക്യാമറ തന്നെ ചതിച്ചിട്ടില്ലെന്നും ഷോൺ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

