ശാസ്താംകോട്ട പോരുവഴി ഇടയ്ക്കാട് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴാംമൈലിലെ ഒരു സ്വകാര്യ സ്കൂളിലെ കുടിവെള്ളം ഉപയോഗിച്ച നൂറിലധികം വിദ്യാർഥികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സ്കൂളിലെ കുഴൽക്കിണറിന്റെ പമ്പ് തകരാറിലായതിനെ തുടർന്ന് 3-ാം തീയതി ഉച്ചയോടെ പുറത്തുനിന്നുള്ള ഏജൻസി മുഖേന സ്കൂൾ ടാങ്കിലേക്ക് വെള്ളം എത്തിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്ക് പിന്നാലെ ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് വിവിധ ആശുപത്രികളിൽ വിദ്യാർഥികൾ ചികിത്സ തേടി. സ്കൂളിലെ കിണറ്റിൽ നിന്നും ടാങ്കിൽ നിന്നും ശേഖരിച്ച ജല സാംപിളുകൾ പരിശോധിച്ചതിൽ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പരിശോധനാ റിപ്പോർട്ടിൽ അസ്വാഭാവികമായ ഘടകങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, വിദഗ്ധ പരിശോധനയ്ക്കായി സാംപിളുകൾ കൊല്ലത്തെ സർക്കാർ ലാബിലേക്ക് കൈമാറി.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പാറമടയിലെ വെള്ളം ടാങ്കുകളിൽ ശേഖരിച്ച് സ്കൂളിലെ കിണറ്റിലേക്ക് എത്തിക്കുകയായിരുന്നുവെന്നും, ഇത് അധികൃതർ പരിശോധിക്കാൻ തയാറായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പോരുവഴി പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
ചികിത്സ തേടിയ മുഴുവൻ വിദ്യാർഥികളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ടെങ്കിലും, ഇൻക്യുബേഷൻ പീരിയഡ് പിന്നിട്ടതിനാൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ മറ്റ് വിദ്യാലയങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

