വിതുരയിൽ ശനിയാഴ്ച അപകടത്തിൽപ്പെട്ട മിനി ബസ് വീണ്ടും സർവീസിനായി നിരത്തിലിറങ്ങാൻ കാലതാമസമെടുക്കും.
പൊന്മുടി സംസ്ഥാന ഹൈവേയിലെ ആറാം വളവിൽ വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. കരാർ വ്യവസ്ഥകൾ പ്രകാരം, അപകടത്തെ തുടർന്നുണ്ടായ തകരാറുകൾ നിർമാണ കമ്പനി തന്നെ പരിഹരിച്ചു നൽകേണ്ടതുണ്ട്.
നിലവിൽ വിതുര ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ബസ്, അറ്റകുറ്റപ്പണികൾക്കായി ഉടൻ തന്നെ കമ്പനി അധികൃതർ കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത അവധി ദിനങ്ങളിൽ പകരം ബസ് ലഭ്യമായാൽ സർവീസ് പുനരാരംഭിക്കുമെന്ന് നെയ്യാറ്റിൻകര ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ വിനോദ് കുമാർ വ്യക്തമാക്കി.
അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും പൊന്മുടിയിലേക്ക് സർവീസ് ആരംഭിച്ചത്. രാവിലെ ആറു മണിക്ക് നെയ്യാറ്റിൻകരയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, നെടുമങ്ങാട്, വിതുര വഴി പൊന്മുടിയിൽ എത്തിച്ചേരുന്ന രീതിയിലായിരുന്നു ക്രമീകരണം.
തുടർന്ന് പൊന്മുടി-വിതുര റൂട്ടിൽ ഷട്ടിൽ സർവീസ് നടത്തിയ ശേഷം വൈകുന്നേരത്തെ ട്രിപ്പ് തിരുവനന്തപുരം വഴി നെയ്യാറ്റിൻകരയിൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, അവസാന ട്രിപ്പിനിടെ ആറാം വളവിൽ വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.
ഏകദേശം എൺപതോളം യാത്രക്കാരുണ്ടായിരുന്ന ബസ്, ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

