യാക്കോബായ സുറിയാനി സഭയുടെ ട്രസ്റ്റിയായും സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ അന്തരിച്ചു. സഭയുടെ ട്രസ്റ്റിയും സെക്രട്ടറിയുമായിരുന്ന കമാൻഡർ ടി.പി.
മാത്യുവിന്റെ പുത്രനാണ് അദ്ദേഹം. 1999-ൽ പുത്തൻകുരിശിൽ നടന്ന അഖില മലങ്കര പള്ളിപ്രതിപുരുഷയോഗത്തിലൂടെയാണ് അദ്ദേഹം സഭയുടെ അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന് 2012-ൽ സഭാ സെക്രട്ടറിയായും ചുമതലയേറ്റു. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്കൊപ്പം സഭയുടെ വികസന പ്രവർത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും അദ്ദേഹം സജീവ പങ്കുവഹിച്ചു.
സഭാ പ്രവർത്തനങ്ങൾക്കപ്പുറം പൊതുരംഗത്തും വ്യവസായ മേഖലയിലും അദ്ദേഹം ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, എളംകുളം സെന്റ് മേരീസ് കോൺഗ്രിഗേഷന്റെ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു.
എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽ ഒന്നാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ചേരി ട്രേഡേഴ്സ് എന്ന വ്യവസായ സ്ഥാപനത്തിന്റെ ഉടമ കൂടിയായിരുന്നു ജോർജ് മാത്യു തെക്കേത്തലയ്ക്കൽ.
അയ്മനം കോട്ടപറമ്പിൽ സുജയാണ് ഭാര്യ. ഏലിയാസ്, ജോൺ എന്നിവർ മക്കളാണ്.

