കാസർകോട് ∙ കുഞ്ഞുപ്രായത്തിൽ തന്നെ ശ്വാസംമുട്ട് ഉൾപ്പെടെ അസുഖങ്ങൾ ഏറെയുണ്ടായിരുന്നു. അച്ഛൻ പുതിയടവൻ ഗോപാലനും അമ്മ കുഞ്ഞമ്മാറും കുഞ്ഞിനെ നാട്ടിലെ ഡോ.
ഹരിദാസ് വെർകോട്ടിന്റെ അടുത്തു കൊണ്ടുപോയി. പരിശോധന തുടങ്ങും മുൻപ് ഡോ.ഹരിദാസ് കുറിപ്പടിയിൽ പേരിന്റെ സ്ഥലത്ത് ‘ബേബി’ എന്നെഴുതി.
കുഞ്ഞിനെ കീക്കാംകോട്ട് ജിഎൽപി സ്കൂളിൽ ചേർക്കുമ്പോൾ ഡോ. ഹരിദാസ് വെർകോട്ടിന്റെ കുറിപ്പടിയിൽ കുറിച്ച ‘ബേബി’ എന്ന പേര് തന്നെ സ്കൂളിലും ചേർത്തു.
ആ ബേബി പിന്നീട് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തിയ ബേബി ബാലകൃഷ്ണനായി.അച്ഛനും അമ്മയും സഹോദരങ്ങളും കൂലിപ്പണി ചെയ്തും കപ്പണയിൽനിന്ന് കല്ലുവെട്ടി നൽകിയും ജീവിതത്തിന്റെ പടവുകൾ കയറി വളർന്നതാണ് ബേബി ബാലകൃഷ്ണൻ.
21 ാം വയസ്സിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ 5 വർഷം പൂർത്തീകരിച്ചിരിക്കുന്നു. ദേശീയ പുരസ്കാരങ്ങൾ വാങ്ങിയ തിളക്കത്തോടെ പടിയിറങ്ങുന്ന ബേബി ബാലകൃഷ്ണൻ കുട്ടിക്കാലത്തെ ഓർമകൾ പങ്കുവയ്ക്കുന്നു.‘അച്ഛൻ പുതിയടവൻ ഗോപാലനും അമ്മ കുഞ്ഞമ്മാറും മൂത്ത സഹോദരങ്ങൾ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, ദേവകി, മീനാക്ഷി തുടങ്ങിയവരെല്ലാം ജീവിത ദുരിതങ്ങളുടെ ഇടയിലും നൽകിയ കരുതലും സ്നേഹവുമാണ് എന്നെ ഈ നിലയിലെത്തിച്ചത് ’. അച്ഛൻ കപ്പണയിൽനിന്നു വെട്ടിയെടുത്ത കല്ലുകൊണ്ടു പണിത വീട്ടിലായിരുന്നു അന്ന് താമസം.
ഇവിടെ നിന്നു മുകളിലോട്ട് കയറി വേണം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോകാൻ. ഒരു കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും കാൽനട
തന്നെ.
വഴിയിൽ നായ്ക്കളും മറ്റും ഉണ്ടാകും. ഇതു കാരണം ദൂരെനിന്ന് ബസിറങ്ങി നടന്നുവരുന്ന പ്രധാനാധ്യാപകൻ കുഞ്ഞിക്കണ്ണൻ മാഷിനെ കാത്തു നിൽക്കും, കൂടെപ്പോകാൻ.
മൂന്നാം ക്ലാസ് മുതൽ സ്കൂൾ പഠനത്തിനൊപ്പം തന്നെ പാട്ടത്തിനെടുത്ത വയലിൽ നട്ട വാഴയ്ക്ക് കൂവലിൽ നിന്നു മൺകുടത്തിൽ വെള്ളം എടുത്തു നനയ്ക്കലും പശുവിനുള്ള പുല്ല് അരിഞ്ഞു കൊണ്ടു വരലും പതിവായി.
ഒരു ദിവസം വെള്ളം കോരിയെടുത്തു വരുന്നതിനിടെ വഴുതി വീണു. അച്ഛൻ ഇതു കണ്ടു അലുമിനിയം കുടം വാങ്ങിത്തന്നു വെള്ളം കോരി നനയ്ക്കാൻ. പുലർച്ചെ മൂന്നു മണിയോടെ അമ്മയും അച്ഛനും സഹോദരങ്ങളും വെള്ളം നനയ്ക്കാൻ ഇറങ്ങും.
ഹൈസ്കൂൾ ക്ലാസിൽ എത്തിയപ്പോൾ അവധി ദിവസങ്ങളിൽ മാത്രമായി വാഴ നനയ്ക്കൽ, പുല്ലരിയൽ ജോലി.
അമ്മ പുലർച്ചെ എഴുന്നേൽപ്പിച്ച പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചതിന്റെ ഫലമായാണ് പത്താം ക്ലാസിൽ 411 മാർക്ക് നേടി വിജയിക്കാൻ കഴിഞ്ഞത്. കുട്ടിക്കാലത്ത് പുല്ലരിയാനും വെള്ളം നനയ്ക്കാനും പോകുമ്പോൾ വെള്ളത്തിൽ ഒഴുകിവരുന്ന തേങ്ങയെടുത്തു പൊട്ടിച്ചു വെല്ലം ചേർത്തു തിന്നുക, പള്ളത്തിൽ നീന്തുക, കണിച്ചിറ പുഴയിൽ നിന്നു മീൻ പിടിക്കുക തുടങ്ങിയവയെല്ലാം പതിവായിരുന്നു.’ തന്റെ എല്ലാ വിജയത്തിനും ഇപ്പോൾ 95 വയസ്സുള്ള അമ്മയുടെ കരുതൽ തന്നെയാണ് പ്രചോദനമായതെന്നു ബേബി പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

