ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലുള്ള തൂവൽ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. വെള്ളച്ചാട്ടത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മുങ്ങിമരണങ്ങൾ കണക്കിലെടുത്താണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ ഡോ.
ദിനേശൻ ചെറുവാട്ട് ഔദ്യോഗികമായി അറിയിച്ചു. സ്ഥലത്ത് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളത്തിലെ അപ്രതീക്ഷിത ആഴം, ശക്തമായ ഒഴുക്ക്, അപകടം പിടിച്ച പാറക്കെട്ടുകൾ, ജലത്തിനടിയിലെ മറ്റ് ഭീഷണികൾ എന്നിവയെക്കുറിച്ച് സന്ദർശകർക്ക് കൃത്യമായ ധാരണ ലഭിക്കുന്നില്ല.
കൂടാതെ, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ പ്രവേശന നിയന്ത്രണങ്ങളോ ഇവിടെ നിലവിലില്ല. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ എത്തുന്ന വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യം കൂടുതൽ ജീവഹാനിക്ക് കാരണമാകുമെന്ന് തഹസിൽദാറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് തൂവൽ വെള്ളച്ചാട്ടത്തിലേക്കും അതിനോട് ചേർന്നുള്ള അപകടാവസ്ഥയിലുള്ള പ്രദേശങ്ങളിലേക്കും ആളുകൾ പ്രവേശിക്കുന്നതും കുളിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ വിനോദപ്രവർത്തനങ്ങളും നിരോധിച്ചത്. കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട
അശ്വിൻ ഉൾപ്പെടെ ഇതുവരെ 13-ൽ അധികം പേരാണ് ഈ വെള്ളച്ചാട്ടത്തിൽ ദാരുണമായി ജീവൻ വെടിഞ്ഞിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

