പാലക്കാട് വാണിയംകുളം മേഖലയിൽ നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇവരുടെ വാഹനം വഴിക്കടവ് ചുരത്തിൽ കണ്ടെത്തിയത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് അയൽവാസികളോട് പറഞ്ഞാണ് കുടുംബം യാത്ര തിരിച്ചതെങ്കിലും, അത്തരമൊരു പരിപാടി നടന്നിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇതേതുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തിൽ യാത്ര പുറപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവർക്ക് രണ്ട് പിക്കപ്പ് വാഹനങ്ങൾ ഉണ്ടെങ്കിലും ഒന്ന് വീട്ടിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. കാണാതായ മൂവരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിന് സമീപത്താണെന്ന് പോലീസ് കണ്ടെത്തി. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആ ദിശയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബം സ്വമേധയാ മാറിനിൽക്കുകയാണോ അതോ മറ്റേതെങ്കിലും സാഹചര്യമാണോ സംഭവത്തിന് പിന്നിലെന്ന് വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശം കേന്ദ്രീകരിച്ച് ശക്തമായ തിരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

