കൊല്ലം നഗരത്തിലെ തിരക്കേറിയ ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസിനു സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പു കേന്ദ്രം നിരന്തരമായ അപകടങ്ങൾക്ക് വേദിയാകുന്നു.
ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയും അമിതവേഗതയുമാണ് ഈ പ്രദേശത്ത് സ്ഥിരമായി അപകടങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് സമീപത്തെ വ്യാപാരികൾ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ മൊബൈൽ കടയിലെ ജീവനക്കാരനായ മേവറം സ്വദേശി സെയ്ദലിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ ഈ സംഭവത്തിന് ഇടയാക്കിയ കെഎസ്ആർടിസി ബസിന്റെ ടയറുകൾ തേഞ്ഞു തീർന്ന നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ബസിന്റെ പിന്നിലെ വലതുഭാഗത്തെ ടയറാണ് തേഞ്ഞു വിള്ളൽ വീണ അവസ്ഥയിലുള്ളത്.
എന്നാൽ ബസിനും ടയറിനും കേടുപാടുകൾ ഒന്നുമില്ലെന്നും പുതിയ ബസ് ആണെന്നും, ഫാസ്റ്റ് പാസഞ്ചർ ആയി സർവീസ് നടത്തിയ ബസാണ് ഓർഡിനറിയായി ഓടിച്ചതെന്നുമാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. ഈ വാഹനം വ്യാഴാഴ്ച മോട്ടർ വാഹന വകുപ്പ് അധികൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. റോഡ് മുറിച്ചു കടക്കാൻ റോഡരികിൽ നിന്ന വയോധികയെ ബസ് തട്ടിയിട്ടിരുന്നു.
എന്നാൽ തെരുവുകച്ചവടക്കാരിൽ ഒരാൾ ഒാടിയെത്തി വയോധികയെ പെട്ടെന്നു വലിച്ചു മാറ്റിയതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. ചിന്നക്കട
റൗണ്ടിലെ സിഗ്നൽ മാറുമ്പോൾ, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് സ്വകാര്യ–കെഎസ്ആർടിസി ബസ് ഡ്രൈവർമാർ അമിത വേഗത്തിലാണ് വാഹനം ഒാടിച്ചു കയറ്റുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തിൽ ബസുകൾ എത്തുമ്പോൾ മുന്നിൽ ചെറിയ വാഹനങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാറില്ലെന്നും പരാതിയുണ്ട്.
ഹെഡ്പോസ്റ്റ് ഒാഫിസിൽ നിന്നിറങ്ങി കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടന്നെത്തുന്നവരും റോഡരികിൽ നിൽക്കുന്നവരും പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. കാൽനട
യാത്രക്കാരെ വാഹനങ്ങൾ തട്ടിയിട്ടാൽ പോലും കുറ്റം അവർക്കാണെന്ന മട്ടിലാണ് ബസ് ജീവനക്കാരുടെ പെരുമാറ്റമെന്നും നാട്ടുകാർ ആരോപിക്കുന്നു. കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരെ ഇറക്കി മുന്നോട്ടു പോകുന്ന മറ്റ് സ്വകാര്യ വാഹനങ്ങളിലും ബസുകൾ ഇടിച്ചിട്ടുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ കോൺഗ്രസിന്റെ പൊതു പരിപാടി നടക്കുന്നതിനിടയിലും വലിയ അപകടമുണ്ടായിട്ടുണ്ട്. അതുവഴി സ്കൂട്ടറിൽ സഞ്ചരിച്ച വാളത്തുംഗൽ സ്വദേശിയായ വയോധികനെയും മകളെയും പേരക്കുട്ടിയെയും ഒരു സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അന്ന് അപകടത്തിൽ അമ്മയും കുഞ്ഞും സ്കൂട്ടറിൽ നിന്നു തെറിച്ചു റോഡിലേക്കു വീഴുകയാണുണ്ടായത്. തുടർന്ന് മന്ത്രിമാരായ ബിന്ദു കൃഷ്ണയും പി.സി.വിഷ്ണുനാഥും ചേർന്നാണ് അമ്മയെയും കുഞ്ഞിനെയും അന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ ഭാഗത്ത് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ബസുകൾ സർവീസ് നടത്തുന്നതെന്ന പരാതി വ്യാപകമാണ്. മുൻകാലങ്ങളിൽ ഇവിടെ ഹോംഗാർഡിന്റെ സേവനം ലഭ്യമായിരുന്നെങ്കിലും നിലവിലില്ലാത്തതും സുരക്ഷാ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

