കർണാടക ആർടിസിയുടെ കീഴിലുള്ള ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് യാത്രാ സൗജന്യം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാം.
ഇതിനായി വിദ്യാർഥികൾ തങ്ങളുടെ സ്ഥാപന മേധാവികളിൽ നിന്നുള്ള സാക്ഷ്യപത്രം അതത് കർണാടക ആർടിസി ഡിപ്പോകളിൽ ഹാജരാക്കേണ്ടതാണ്. ഈ തീരുമാനം കാസർഗോഡ് ജില്ലയിൽ നിന്ന് കർണാടകയിലെ മംഗളൂരു, പുത്തൂർ, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകും.
നിലവിൽ നിശ്ചിത ഫീസ് അടച്ചാണ് വിദ്യാർഥികൾ പാസ് കൈപ്പറ്റിയിരുന്നത്. മുൻപ് ഈ ഇനത്തിൽ വിദ്യാർഥികൾ അടച്ച തുക അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ അപേക്ഷാ നടപടികൾ സുഗമമാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സേവസിന്ധു പോർട്ടൽ മുഖേന വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാർഥികളുടെ സൗകര്യം മുൻനിർത്തി സംസ്ഥാനത്തുടനീളം 123 പാസ് വിതരണ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കൗണ്ടറുകളുടെ പട്ടികയും കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

