കാസർകോട് ∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിറഞ്ഞുനിന്ന നഗരസഭാധ്യക്ഷരും പഞ്ചായത്തു പ്രസിഡന്റുമാരുമടക്കം പല പ്രധാനമുഖങ്ങളും ഇത്തവണ മത്സര രംഗത്തുണ്ടായേക്കില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ജനവിധി തേടുന്നില്ല.
21 ാം വയസ്സിൽ 1995ൽ തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്തെത്തിയ ബേബി ബാലകൃഷ്ണൻ 10 വർഷം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതൽ 2010 വരെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 2020 മുതൽ ഇതുവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ഇനി സമ്പൂർണമായും പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകാനാണ് തീരുമാനം.
കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗവും ജനവിധി തേടില്ല.
2010 മുതൽ 2015 വരെ സ്ഥിരസമിതി അധ്യക്ഷനായിരുന്നു. 2020ൽ ജയിച്ച് വീണ്ടും സ്ഥിരസമിതി അധ്യക്ഷനായി.
വി.എം.മുനീർ നഗരസഭാ ചെയർമാൻ സ്ഥാനം പാർട്ടി ആവശ്യപ്പെട്ട് രാജിവച്ചതിനെത്തുടർന്നാണ് അബ്ബാസ് ബീഗത്തിന് കഴിഞ്ഞ 2 വർഷത്തോളം ചെയർമാനായി ഭരണം നടത്താൻ അവസരം ലഭിച്ചത്.ബിജെപി കുത്തകയായി ഭരിക്കുന്ന മധൂർ പഞ്ചായത്ത് ഭരണസമിതിയിൽ നിലവിലുള്ള പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെ ബിജെപിയുടെ 13 അംഗങ്ങളും ഇത്തവണ മത്സരിക്കാനില്ല. 2015 മുതൽ 2020 വരെ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷനും 2020 മുതൽ പഞ്ചായത്തു പ്രസിഡന്റുമായാണ് കെ.
ഗോപാലകൃഷ്ണൻ മത്സരരംഗത്തുനിന്ന് പിന്മാറുന്നത്
ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ആദ്യ ടേം കഴിയുമ്പോൾതന്നെ കളംവിടുന്നു. ആരോഗ്യ പ്രശ്നങ്ങളാണ് കാരണം.
നേരത്തെ ഭാര്യയും പിതാവും പഞ്ചായത്ത് അംഗങ്ങളായിരുന്നു. കാസർകോട് നഗരസഭയിൽ തുടർച്ചയായി 20 വർഷം വാർഡ് അംഗമായ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.രമേഷ് വീണ്ടും ജനവിധി തേടുന്നില്ല. നഗരസഭ ബിജെപി പാർലമെന്ററി പാർട്ടി നേതാവാണ്.
3 തവണ അംഗങ്ങളായവർ തുടരേണ്ടതില്ല എന്ന അഭിപ്രായം പാർട്ടിയിലുണ്ട്. ഇതുകൂടി പരിഗണിച്ചാണ് പിന്മാറ്റം.
നഗരസഭയിൽ രമേഷ് ഉൾപ്പെടെ ബിജെപിക്ക് 14 അംഗങ്ങളാണ് നിലവിലുള്ളത്. ഇവരിൽ നാലോ അഞ്ചോ പേർ വീണ്ടും സ്ഥാനാർഥി പട്ടികയിൽ വരാൻ സാധ്യതയുണ്ട്.
പടന്ന പഞ്ചായത്തിലെ 9ാം വാർഡ് അംഗം സിനിമാ നടൻ കൂടിയായ പി.പി.കുഞ്ഞിക്കൃഷ്ണൻ തുടർച്ചയായി 2 ടേം പൂർത്തിയാക്കിയതിനാൽ പാർട്ടി നിശ്ചയപ്രകാരം മത്സരിക്കാനില്ല.
2015ൽ വാർഡ് 8ൽ നിന്നുള്ള അംഗമായിരുന്നു.സിപിഎം ഉദുമ ഏരിയാ കമ്മിറ്റി അംഗവും പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമായ എം.കുമാരനും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. പാർട്ടി 2 തവണ അവസരം തന്നെന്നും ജനങ്ങൾക്കുവേണ്ടി കഴിവിന്റെ പരമാവധി പ്രവർത്തിച്ചെന്നും എം.കുമാരൻ പറഞ്ഞു.
മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് വനിത സംവരണം ആയതിനാൽ നിലവിലുള്ള അംഗം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ റഹിമാൻ മത്സരിക്കുന്നില്ല. പകരം മംഗൽപാടി പഞ്ചായത്തിലെ വാർഡിലേക്ക് ശ്രമം നടക്കുന്നുണ്ട്.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാതയും മത്സരിക്കില്ല.
അധ്യാപക ജോലിയിലേക്ക് തിരികെപ്പോകും. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.
അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭയും ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യയും ഇത്തവണ മത്സരരംഗത്തില്ല.ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോമോൻ ജോസും മത്സരരംഗത്തില്ല.
ബളാൽ പഞ്ചായത്തിലെ 15–ാം വാർഡിൽ മത്സരിക്കാൻ യുഡിഎഫ് മണ്ഡലം കമ്മിറ്റി നിർദേശിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് അറിയിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സിജി മാത്യു ഇത്തവണ മത്സരരംഗത്തില്ല. ഇദ്ദേഹം മത്സരിച്ച കാറഡുക്ക ബ്ലോക്കിലെ കാറഡുക്ക ഡിവിഷൻ ഇക്കുറി വനിതാ സംവരണമാണ്.
സിപിഎമ്മിലെ ധാരണപ്രകാരം കാറഡുക്ക, േബഡകം ഏരിയകൾ മാറിമാറിയാണ് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത്.
ഇതനുസരിച്ച് ഇത്തവണ പ്രസിഡന്റ് സ്ഥാനം ബേഡകം ഏരിയ കമ്മിറ്റിക്ക് അവകാശപ്പെട്ടതാണ്. ഇതോടൊപ്പം കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ െസക്രട്ടേറിയറ്റിൽ ഉൾപ്പെട്ടതും ഇദ്ദേഹം മത്സരിക്കാതിരിക്കാനുള്ള കാരണമാണ്.ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻറ് ബി.ശാന്ത, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി.
സുബ്ബണ്ണ ആൾവ, കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ എന്നിവരും മത്സരരംഗത്തില്ല.
മത്സരിക്കാൻ സാധ്യതയുള്ളവർ
കാസർകോട് ∙ നിലവിലുള്ള പല ജനപ്രതിനിധികളും കളമൊഴിയുമ്പോൾ ചിലരെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനവും മുന്നണികളിൽ പുരോഗമിക്കുകയാണ്. അതേസമയം സീറ്റ് നിലനിർത്തി വീണ്ടും മത്സരിക്കാൻ അവസരം തേടി പാർട്ടികളിൽ സമ്മർദ തന്ത്രങ്ങൾ പ്രയോഗിക്കുന്നവരും ഏറെ.സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.
ബാലൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ ബേഡഡുക്ക ബ്ലോക്കിൽ ഇത്തവണ സിപിഎം പ്രതിനിധിയായി മത്സരരംഗത്തെത്തും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.രമേശൻ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.
നിലവിൽ കൗൺസിലറാണ്.
നേരത്തെ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷനായിരുന്നു. സിപിഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയായിരുന്നു.
മത്സരിക്കുന്നതിന്റെ ഭാഗമായി ഏരിയ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. അതേസമയം വി.വി.രമേശനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കകത്ത് വാർഡിൽ പ്രതിഷേധമുണ്ടായിരുന്നു.
വാർഡിൽനിന്നുള്ള ആളെത്തന്നെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ആവശ്യം. സിപിഎം ആവശ്യപ്പെട്ടാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ വീണ്ടും സ്ഥാനാർഥിയാകും.
കഴിഞ്ഞതവണ കോൺഗ്രസിൽനിന്ന് രാജിവച്ച് എൽഡിഎഫ് പിന്തുണയോടെ ചെങ്കള ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ചാണ് ജില്ലാ പഞ്ചായത്തംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫയുടെ പേര് പരിഗണനയിലുള്ള പുത്തിഗെ ഡിവിഷനിൽ ഉൾപ്പെടെ ഷാനവാസ് പാദൂർ എൽഡിഎഫ് സ്ഥാനാർഥി ആയേക്കും എന്ന ഊഹാപോഹമുണ്ട്. ചെങ്കള, ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ വനിതാ സംവരണമായതോടെ ഇവിടെ സ്ഥാനാർഥി ആകാൻ കഴിയാതെയായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായ എ.ബി.ഷാഫി മുളിയാർ പഞ്ചായത്തിലെ 18 ാം വാർഡിൽനിന്നു മത്സരിക്കാൻ തയാറെടുക്കുകയാണ്.
എൻമകജെ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജെ.എസ്.സോമശേഖര ജില്ലാ പഞ്ചായത്ത് പുത്തിഗെ ഡിവിഷനിൽനിന്ന് ജനവിധി തേടിയേക്കും.
എൽഡിഎഫിന്റെ സിറ്റിങ് ഡിവിഷൻ പിടിക്കാൻ കരുത്തനായ സ്ഥാനാർഥിതന്നെ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ പേര് ഉയരുന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റായ എം.
ജനനി നാലാം തവണയും കാറഡുക്ക പഞ്ചായത്തിലേക്ക് മത്സരിക്കാൻ സാധ്യതയേറി.നീലേശ്വരത്ത് നിലവിലെ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിയാണ് എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥി.ഈസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലും ഈസ്റ്റ് എളേരിയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

