കേരളത്തിന്റെ പക്ഷിനിരീക്ഷണ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലുകൂടി. സംസ്ഥാനത്ത് ആദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി.
കണ്ണൂർ ജില്ലയിലെ ഏഴോം പ്രദേശത്തുനിന്നാണ് പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് ഇഷാൽ ഈ അപൂർവ്വ പക്ഷിയെ നിരീക്ഷിക്കുകയും ക്യാമറയിൽ പകർത്തുകയും ചെയ്തത്. മുമ്പ് ബെംഗളൂരു, കോയമ്പത്തൂർ ഭാഗങ്ങളിൽ ഈ പക്ഷിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ നാടുകളിൽ സാധാരണയായി കണ്ടുവരുന്ന തൂക്കണാംകുരുവികളുമായി (ബയ വീവർ) ഏറെ സാദൃശ്യമുള്ളവയാണ് ഇവ. അതിനാൽ തന്നെ സാധാരണ തൂക്കണാംകുരുവികളിൽ നിന്നും ബ്ലാക്ക് ബ്രെസ്റ്റ്ഡ് വീവറിനെ തിരിച്ചറിയുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്.
ചതുപ്പുനിലങ്ങൾ, ജലാശയങ്ങളോട് ചേർന്നു കിടക്കുന്ന പുല്ലുനിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവയാണ് ഇത്തരം പക്ഷികളുടെ പ്രധാന സ്വാഭാവിക ആവാസവ്യവസ്ഥകൾ. ഈ കണ്ടെത്തലോടെ കേരളത്തിൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച പക്ഷിയിനങ്ങളുടെ ആകെ എണ്ണം 570 ആയി ഉയർന്നു.
പുല്ലുകളും വിവിധ സസ്യനാരുകളും വിദഗ്ധമായി ഉപയോഗിച്ച് മരച്ചില്ലകളിൽ തൂങ്ങിനിൽക്കുന്ന രീതിയിൽ മനോഹരമായ കൂടുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ടവയാണ് വീവർ പക്ഷികൾ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് ഇഷാൽ, മലബാർ അവയർനസ് ആൻഡ് റസ്ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫിന്റെ സജീവ അംഗവും കേരള ബേഡേഴ്സ് ക്ലബിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

