തൃശൂർ: സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരം സന്ദർശിച്ചു.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ദർശനം നടത്തുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ജയരാജൻ ക്ഷേത്ര പരിസരത്തെത്തിയപ്പോൾ ആളുകൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദർശനം ഒഴിവാക്കിയതെന്നാണ് വിവരം.
ജയരാജൻ എത്തിയത് ദർശനത്തിന് വേണ്ടിയാണെന്നും, ആളുകൾ ശ്രദ്ധിച്ചതിനാലാണ് പിൻമാറിയതെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി നേതാക്കൾ ഇതുമായി ബന്ധപ്പെട്ട
ദൃശ്യങ്ങൾ പുറത്തുവിട്ടു. എന്നാൽ, പുസ്തക രചനയുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്ന് പി.
ജയരാജൻ വ്യക്തമാക്കി. ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന തന്റെ പുസ്തകത്തിന്റെ ഭാഗമായി ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സന്ദർശനത്തെക്കുറിച്ച് പി. ജയരാജൻ നൽകിയ വിശദീകരണം ഇങ്ങനെ: “കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി.
തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചു.
കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ അല്ല. അവയ്ക്കെല്ലാം സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ടെന്നും നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടവയാണ് അവയെന്നും അദ്ദേഹം പറഞ്ഞു.” “കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്.
അജ്മീർ ദർഗയിൽ പോയിട്ടുണ്ട്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്.
നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസ്സിലാക്കാനുള്ള അവസരങ്ങളായിട്ടാണ് ഞാൻ ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് ഞാൻ ഒരു “ഭക്തൻ” ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിർത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരോട് സഹതാപമേ ഉള്ളൂവെന്നും ജയരാജൻ പറഞ്ഞു.” ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും സന്ദർശനം പുസ്തക രചനയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

