കോഴിക്കോട് നഗരത്തിൽ ചെറുവറ്റയിലെ സ്വകാര്യ കോളജിലെ വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി കുമ്മങ്ങോട്ടുതാഴത്ത് ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ അതിക്രമം കയറി അക്രമം നടത്തിയ കേസിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകനായ കുരുവട്ടൂർ നങ്ങോറകുന്നുമ്മൽ ഷനൂപ് (41), അമ്മ രാധ, സിപിഎം പറമ്പിൽ ലോക്കൽ സെക്രട്ടറി അനിൽകുമാർ, പ്രവർത്തകനായ ബിനോയ് എന്നിവർക്കും, യൂത്ത് ലീഗ് പ്രവർത്തകരായ മുഫ്ലിഹ്, സമീൽ, അനീസ്, സൻസിത്ത്, സഹീർ എന്നിവർക്കും പരുക്കേറ്റിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി ആയുധങ്ങളുമായി ആക്രമണം നടത്തിയെന്ന കേസിൽ പ്രതികളായ മുഫ്ലിഹ്, സമീൽ, അനീസ്, സൻസിത്ത്, സഹീർ എന്നിവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് ലീഗ് പ്രവർത്തകരെ ആശുപത്രിയിൽ മജിസ്ട്രേട്ടിന്റെ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവരെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ആക്കിയതായി ചേവായൂർ പൊലീസ് വ്യക്തമാക്കി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കുമ്മങ്ങോട്ടുതാഴത്തും പരിസരപ്രദേശങ്ങളിലും മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പി.പ്രമോദിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 7 ന് ചെറുവറ്റയിലെ സ്വകാര്യ കോളജിൽ തോരണം തൂക്കുന്നതുമായി ബന്ധപ്പെട്ട് എംഎസ്എഫ് – എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. കോളജിനു പുറത്ത് യൂത്ത് ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിടുകയും കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ശനിയാഴ്ച വൈകിട്ട് കുമ്മങ്ങോട്ടെ ഷനൂപിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഏഴോളം വരുന്ന യൂത്ത് ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വിവരമറിഞ്ഞ് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് സംഘം അഞ്ച് പ്രതികളെയും ഓടിച്ചിട്ട് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. പരുക്കേറ്റതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചേവായൂർ സിഐ ടി.പി.ദിനേശ്, എസ്ഐമാരായ റഫീഖ്, കെ.ഷിബു, എസ്സിപിഒ സിൻജിത്ത്, കെ.എച്ച്.ജി.കുര്യാക്കോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി നിയമനടപടികൾ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

