റാന്നിയിൽ വീടിന് മുന്നിൽ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യുവിനെ (ബിജു–56) മർദിച്ച കേസിലാണ് നടപടി.
ചെമ്പൻമുഖം സ്വദേശികളായ എം.കെ.ശശി, റോജി എം.രാജു, ജിഷ്ണു പി.മോഹൻ, എം.എസ്.മഹേഷ്, തോമ്പിക്കണ്ടം സ്വദേശി ടി.വി.റെജിൻ എന്നിവരാണ് പിടിയിലായത്. സംഭവം നടന്നത് 7-ാം തീയതി രാത്രി 11.30-ഓടെയാണ്.
ആക്രമണത്തിനിരയായ ബിജുവിനെ വസ്ത്രം മാറ്റിയ ശേഷം കയർ ഉപയോഗിച്ച് കൈകാലുകളും കഴുത്തും കൂട്ടിക്കെട്ടി മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മർദനത്തിൽ ശരീരമാസകലം പരുക്കേറ്റ ബിജുവിന്റെ ഇടതു കൈക്ക് പൊട്ടലുമുണ്ട്. നിലവിൽ അദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് കേസ് വിവരങ്ങൾ:
കൈകൾ കൊണ്ടുള്ള മർദനത്തിന് സെക്ഷൻ 325 പ്രകാരവും, വടി ഉപയോഗിച്ച് മർദിച്ചതിന് സെക്ഷൻ 326 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
നേരത്തെ, ചെമ്പൻമുഖം മേഖലയിൽ ബിജു വിവസ്ത്രനായി നടക്കുന്നുണ്ടെന്ന് കാണിച്ച് നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ബിജു സംഘത്തിന്റെ പിടിയിലായത്. അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ ബിജുവിനെതിരെയും റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

