നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
കൊച്ചിയെ മികച്ച ഒരു ലിവിങ് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി, ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന വായു മലിനീകരണത്തെക്കുറിച്ച് പഠനം നടത്താനും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഈ മാസം തന്നെ പ്രത്യേക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൊച്ചി നഗരസഭ, ജെയിൻ യൂണിവേഴ്സിറ്റി, കാർഡിഫ് യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്യൂച്ചർ കൊച്ചി കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരത്തിലെ വായുനിലവാര സൂചിക 188 കടന്ന സംഭവം സർക്കാർ അതിഗൗരവത്തോടെയാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയുടെ നിലവിലുള്ള സമാനമായ ദുരിതാവസ്ഥയിലേക്ക് കൊച്ചി നഗരത്തെ ഒരിക്കലും തള്ളിയിടാൻ കഴിയില്ല.
മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കുന്നതിനായി നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായി ബസ്, മെട്രോ, ജലഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള കുറ്റമറ്റതും വിശ്വസനീയവുമായ പൊതുഗാനത നെറ്റ്വർക്ക് നഗരത്തിൽ യാഥാർത്ഥ്യമാക്കുമെന്നും മാലിന്യ സംസ്കരണ മേഖലയിലും കർശനവും ശാസ്ത്രീയവുമായ രീതികൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ നടപ്പിലാക്കും. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ പൂർണ്ണമായും അടച്ചുറപ്പുള്ള വാഹനങ്ങൾ മാത്രമായിരിക്കണം മാലിന്യനീക്കത്തിനായി ഉപയോഗിക്കേണ്ടത്.
ഇതിനുപുറമെ, അത്യാധുനിക ഓഷ്യനേറിയം, മാരിടൈം മ്യൂസിയം, ഗ്ലോബൽ കൺവെൻഷൻ സെന്റർ, രാമന്തുരുത്തിൽ 5000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 5000 കോടി രൂപയുടെ ഷിപ്പ് ബ്ലോക്ക് നിർമ്മാണ പദ്ധതി, താന്തോന്നിത്തുരുത്തിലെ ഐടി വികസനം എന്നിവയ്ക്കും സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതികളുടെ പുരോഗതി വരും ആറു മാസത്തിനുള്ളിൽ വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നഗരത്തിന്റെ പൈതൃക മേഖലകളുടെ സംരക്ഷണത്തിനും ടൂറിസം മേഖലയുടെ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബിനാലെ വേദിയുടെ സമീപത്തുള്ള ഭൂമി കൂടി ഏറ്റെടുത്ത് വിപുലമായ സൗകര്യങ്ങളോടുകൂടിയ കൾച്ചറൽ ഹെറിറ്റേജ് സെന്റർ നിർമ്മിക്കും.
കടമക്കുടിയുടെ തനിമയാർന്ന പ്രകൃതി സൗന്ദര്യം പൂർണ്ണമായി പ്രയോജനപ്പെടുത്തി മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റും. പറവൂർ വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാല കൊച്ചിയാണ് തന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, കൊച്ചിയെയും തൃശൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗോൾഡ് ഹബ്ബ്, അരൂരിൽ സീഫുഡ് ഹബ്ബ്, പെരുമ്പാവൂർ-ആലുവ മേഖല കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബ് എന്നിവയും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. ചടങ്ങിന്റെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മൂന്നാം പതിപ്പിന്റെ തീയതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അടുത്ത വർഷം ഏപ്രിൽ 21-24 തീയതികളിലാണ് സമ്മിറ്റ് അരങ്ങേറുക. ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് ഷിയാസ് എംഎൽഎ, ദീപക് ജോയ് എംഎൽഎ, കൊച്ചി മേയർ അഡ്വ.
വി.കെ. മിനിമോൾ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഡപ്യൂട്ടി മേയർ വി.ആർ.
സുധീർ, കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണുരാജാമണി തുടങ്ങിയ പ്രമുഖർ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

