കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പൂവത്തുംമൂട് ഭാഗത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ വൻ കവർച്ച. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ഹെൽമറ്റ് ധരിച്ച് എത്തിയ എട്ടംഗ സംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തിയാണ് അതിക്രമം അഴിച്ചുവിട്ടത്. തൊഴിലാളികളിൽ നിന്നും ഒരു ലക്ഷം രൂപയും 5 മൊബൈൽ ഫോണുകളും സംഘം കവർച്ച ചെയ്തു.
കൂടാതെ അക്രമികൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആകെ 33 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്.
സംഭവത്തിൽ എടിഎം കാർഡുകളും കവർച്ചക്കാർ തട്ടിയെടുത്തതായി സൂചനയുണ്ട്. കാർഡുകൾ കൈവശപ്പെടുത്തിയ സംഘം പിൻ നമ്പറുകൾ പ്രത്യേകം എഴുതി വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
അസമിൽ നിന്നെത്തിയ തൊഴിലാളികളാണ് ഈ പ്രദേശത്ത് ആറ് വർഷമായി വീട് വാടകയ്ക്കെടുത്ത് താമസിച്ചു വന്നിരുന്നത്. അക്രമികളെ കണ്ട് ഭയന്ന് മുറിയിൽ കയറിയ അതിഥിത്തൊഴിലാളികൾക്ക് മേൽ കവർച്ചക്കാർ കുരുമുളക് സ്പ്രേ അടിക്കുകയുണ്ടായി.
തുടർന്ന് മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒറാഴ്ചത്തെ ജോലിക്ക് ശേഷം ശനിയാഴ്ചയാണ് തൊഴിലാളികൾക്ക് കൂലി ലഭിച്ചത്.
ഈ വിവരം മനസ്സിലാക്കിയാണ് കവർച്ചക്കാർ കൃത്യസമയത്ത് എത്തിയത്. സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

