പെർമുദെ ∙ കത്തുന്ന വേനലിൽ ചുട്ടുപൊള്ളുമ്പോഴും വറ്റാത്ത ജലസമൃദ്ധിയുമായി വിസ്മയമാകുകയാണ് പെർമുദെ കുണ്ടേരിയിലെ സുരങ്കകൾ. ആധുനിക എൻജിനീയറിങ് സംവിധാനങ്ങളെ പോലും അമ്പരപ്പിക്കുന്ന ഈ ജലസ്രോതസ്സ്, മനുഷ്യന്റെ കഠിനപ്രയത്നത്തിന്റെയും ക്ഷമയുടെയും അടയാളമാണ്.
ഭൂമിക്കടിയിലൂടെ മീറ്ററുകളോളം നീളുന്ന ഈ തുരങ്കങ്ങൾ നിർമിച്ച കഥ പറഞ്ഞാൽ ഒരുപക്ഷേ വരുംതലമുറ വിശ്വസിച്ചെന്നുവരില്ല.
അത്രയും സാഹസികവും ക്ലേശകരവുമാണ് ഇതിന്റെ നിർമാണ രീതി. സാധാരണ കിണറുകൾ ഭൂമിക്ക് ലംബമായി താഴേക്ക് കുഴിക്കുമ്പോൾ, സുരങ്കകൾ കുന്നിൻചെരിവുകളിൽ നിന്ന് ഭൂമിക്ക് സമാന്തരമായി തുരന്നാണു നിർമിക്കുന്നത്.
കാലുകൾ മടക്കി കുനിഞ്ഞിരുന്ന് നിർമിക്കുന്ന ഇവ വെളിച്ചം കടന്നുചെല്ലാത്ത ഭൂമിക്കടിയിലെ വിസ്മയമാണ്. യന്ത്രസഹായമില്ലാതെ വെറും കൈക്കോട്ടും പിക്കാസും ഉപയോഗിച്ച് കടുപ്പമേറിയ ചെങ്കല്ല് തുരന്നുള്ള ഈ അധ്വാനം മാസങ്ങളോളം നീളുന്നതാണ്.
ശ്വസിക്കാൻ പോലും പ്രയാസമുള്ള തുരങ്കത്തിനുള്ളിൽ വായുവിനായി മെഴുകുതിരി കത്തിച്ചുവച്ച് മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് മണ്ണുനീക്കി ഉറവ കണ്ടെത്തുന്ന ഈ വിദ്യ ഇന്ന് അന്യമാകുന്നു.
എത്ര കടുത്ത വേനലിലും പെർമുദെയിലെ ഈ സുരങ്ക വറ്റാറില്ല. മലയുടെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തെളിനീർ ഉറവകളെ കണ്ടെത്തി അവയെ പുറത്തെത്തിക്കുന്നതോടെ കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും ഈ പ്രദേശം സ്വയംപര്യാപ്തമാകുന്നു.
വൈദ്യുതിയുടെയോ പമ്പുകളുടെയോ സഹായമില്ലാതെ ഗുരുത്വാകർഷണ ബലത്താൽ സുരങ്കയിൽനിന്നു തെളിനീർ ഒഴുകിയെത്തുന്നു. പരമ്പരാഗത അറിവുകളും കഠിനമായ ശാരീരിക അധ്വാനവും ചേർന്ന ഈ ജലസംഭരണ രീതി പരിസ്ഥിതി സൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ്.
ജലക്ഷാമം നേരിടുന്ന വർത്തമാനകാലത്ത്, പൈതൃകമായി ലഭിച്ച ഈ സുരങ്കകളെ സംരക്ഷിക്കേണ്ടത് നാടിന്റെ നിലനിൽപിന് അനിവാര്യമാണെന്നു പൈവളിഗെ പഞ്ചായത്തംഗം കെ.എച്ച്.ശ്രീനിവാസൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

