കാസർകോട്∙ കഴിഞ്ഞ ദിവസം അന്തരിച്ച പ്രഫ.മാധവ് ഗാഡ്ഗിൽ ജില്ലയുടെ മനസ്സറിഞ്ഞു മടങ്ങിയ പരിസ്ഥിതി ശാസ്ത്രജ്ഞൻ. 2013 ഡിസംബർ 19ന് അദ്ദേഹം കാസർകോട് സന്ദർശിച്ചിരുന്നു.
അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി 2011ൽ സമർപ്പിച്ച റിപ്പോർട്ട് ഏറെ ആശങ്കകളുയർത്തിയ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു അദ്ദേഹം.
കാസർകോട് പീപ്പിൾസ് ഫോറം, ബയോസ്ക് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കാസർകോട് സർവീസ് സഹകരണബാങ്ക് ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാറിൽ അദ്ദേഹം വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരുമായി സംവദിച്ചു.
ആശങ്കകളും പരിസ്ഥിതിസംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള കരുതലും പ്രതിരോധവും പങ്കുവച്ചു.
കാസർകോട് പുലിക്കുന്നിലെ ഗെസ്റ്റ് ഹൗസിൽ ഒരു രാത്രി തങ്ങി പിറ്റേന്നു പകൽ സെമിനാർ കഴിഞ്ഞാണ് മടങ്ങിയത്. തന്നെ വന്നുകണ്ട
പരിസ്ഥിതി പ്രവർത്തകർക്ക് സൗമ്യതയുടെയും സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ജീവിതപാഠം നൽകിയായിരുന്നു അദ്ദേഹം അന്നു കാസർകോട് നിന്നു മടങ്ങിയത്.
രാജ്യം പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ പരമോന്നത പുരസ്കാരങ്ങൾ നൽകിയ, ലോകമെങ്ങും അറിയപ്പെടുന്ന ഒരു വലിയ മനുഷ്യൻ അതീവ ലാളിത്യത്തോടെയും സ്നേഹത്തോടെയും മുക്കാൽ മണിക്കൂറോളം മനസ്സ് തുറന്നു സംസാരിച്ചപ്പോൾ ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന അദ്ഭുതമാണ് തോന്നിയതെന്ന് കാസർകോട് പീപ്പിൾസ് ഫോറം അംഗം വിജയൻ കോടോത്ത് അനുസ്മരിച്ചു. പ്രായം 71 ആയിരുന്നു അന്ന്.
കൂടെ ആരുമുണ്ടായിരുന്നില്ല.
ഭൂമിയുടെ നിലനിൽപ്പിനും മനുഷ്യസമൂഹത്തിന്റെ സംരക്ഷണത്തിനും വേണ്ടി പോരാടുന്ന അദ്ദേഹം തങ്ങളെ ചേർത്തു നിർത്തുകയായിരുന്നു. ആ സ്നേഹസൗഹൃദം, ഭൂമിയും മനുഷ്യരും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ സംബന്ധിച്ച് അദ്ദേഹം നടത്തിയ അവബോധനം ജില്ലയിലെ പരിസ്ഥിതി പ്രവർത്തകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് വിജയൻ കോടോത്ത് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

