സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിന് തടയിടാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. ബസുകളുടെ സമയക്രമം (ടൈമിംഗ്) ശാസ്ത്രീയമായി പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.
ജോണ്‍ വ്യക്തമാക്കി. കൊച്ചി കാക്കനാടിന് സമീപം ഇന്‍ഫോപാര്‍ക്കിന് മുന്നില്‍ വെച്ച് സ്വകാര്യ ബസിടിച്ച് യുവതി മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതിവേഗ നീക്കങ്ങളുണ്ടായിരിക്കുന്നത്.
സംഭവത്തില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. “തന്റെ മകള്‍ക്ക് സംഭവിച്ചത് ഇനി മാറ്റാര്‍ക്കും ഉണ്ടാകരുത്” എന്ന് മരിച്ച അക്ഷരയുടെ പിതാവ് ഓമനക്കുട്ടന് പ്രതികരിച്ചിരുന്നു.
ഇനിയെങ്കിലും റോഡില്‍ നിയമലംഘനങ്ങള്‍ ഉണ്ടാകരുതെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഹൈക്കോടതിയുടെ ഇടപെടല്‍ ആശാവഹമാണെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ബസ് ഉടമകള്‍ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റീജിയണല്‍ ട്രാന്‍സ്പോർട്ട് ഓഫീസര്‍മാര്‍ (ആര്.ടി.ഒ) ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. എറണാകുളം ടൗണില്‍ നിലവില്‍ ഒരു കിലോമീറ്ററിന് രണ്ടര മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്.
ഇത് അപര്യാപ്തമാണെന്നും ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വരുന്ന പതിനഞ്ചാം തീയതി മുതല്‍ റോഡ് സേഫ്റ്റി മിഷന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകള്‍ മാത്രമല്ല, മറ്റ് വാഹനങ്ങളും റോഡുകളില്‍ അമിത വേഗതയില്‍ പായുന്നുണ്ടെന്ന് ചേരാനല്ലൂര്‍ അപകടം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എല്ലാ ഡ്രൈവര്‍മാരെയും ഒരാഴ്ചയ്ക്കകം ക്യു.ആര് കോഡ് സ്മാര്‍ട്ട് ഐഡി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരണമെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

