ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഏഴരപ്പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി. കൊല്ലം ജില്ലക്കാരായ പ്രതികളെയാണ് ആദൂർ പൊലീസ് പിടികൂടിയത്.
ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവായ കൊല്ലം കൊട്ടാരക്കര ഏഴുകോൺ ഇടക്കിടം അഭി വിഹാറിൽ എസ്.അഭിരാജ് (33), പുനലൂർ മണിയാർ ചേലക്കാട്ട് ഹൗസിൽ ആർ.ആദിത്യൻ (26) എന്നിവരാണ് അറസ്റ്റിലായത്. ആദൂർ സിഐ ഇ.അനൂബ് കുമാർ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ വലയിലാക്കിയത്.
കുണ്ടാർ ബള്ളക്കാടിലെ ഓട്ടോഡ്രൈവർ ബി.സദാനന്ദ നായ്ക്കിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് കഴിഞ്ഞ മാസം 20-ാം തീയതിയാണ് വലിയ തോതിലുള്ള ഈ കവർച്ച അരങ്ങേറിയത്. കർണാടക റജിസ്ട്രേഷനുള്ള ബൈക്കിൽ സംശയകരമായ സാഹചര്യത്തിൽ ഹെൽമറ്റ് ധരിച്ച് അപരിചിതരായ രണ്ട് വ്യക്തികൾ പോകുന്നത് കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
നിലവിൽ എറണാകുളം കുമ്പളങ്ങിയിൽ താമസിച്ചു വരികയായിരുന്ന അഭിരാജിനെ അവിടെനിന്നും, ആദിത്യനെ പുനലൂരിലെ വസതിയിൽ നിന്നുമാണ് പിടികൂടിയത്. കവർച്ച ചെയ്ത തൊണ്ടിമുതൽ കൊട്ടാരക്കരയിലെ ഒരു ജ്വല്ലറിയിൽ വിറ്റഴിച്ചതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
2024 കാലഘട്ടത്തിൽ നീലേശ്വരത്ത് സമാനമായ രീതിയിൽ അരങ്ങേറിയ മോഷണ കേസിലും അഭിരാജ് പ്രതിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
എസ്ഐ കെ.ശരത്ത്, എഎസ്ഐമാരായ പി.കെ.പ്രസാദ് പുല്ലൂർ, ജോസ് വിൻസന്റ്, സിവിൽ പൊലീസ് ഓഫീസർമാരായ നിധിൻ ദിവാകർ, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിൽ പങ്കാളികളായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തെത്തേക്ക് റിമാൻഡ് ചെയ്തു.
193 കിലോമീറ്റർ ദൂരവും നൂറിലേറെ സിസിടിവി ദൃശ്യങ്ങളും: ആദൂർ പൊലീസിന് അഭിമാന നേട്ടം
പട്ടാപ്പകൽ നടന്ന കവർച്ചയ്ക്ക് നേരിട്ടുള്ള ദൃക്സാക്ഷികളോ തെളിവുകളോ ലഭ്യമല്ലാതിരുന്നിട്ടും ആദൂർ പൊലീസ് നടത്തിയ കഠിനമായ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ കാരണമായത്. 193 കിലോമീറ്റർ ചുറ്റളവിൽ പരിശോധിച്ചത് നൂറിലേറെ സിസിടിവി ക്യാമറകളാണ്.
മോഷണം നടന്ന വീടിന്റെ പരിസരത്ത് സിസിടിവി സംവിധാനങ്ങൾ ഇല്ലായിരുന്നു. രണ്ട് കിലോമീറ്റർ അകലെയുള്ള ഗാളിമുഖ ടൗണിലെ ഒരു ഹോട്ടലിൽ നിന്നാണ് നിർണായക ദൃശ്യം ലഭിക്കുന്നത്.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണം ചെന്നു നിന്നത് മൈസൂരുവിലാണ്. ജാൽസൂർ, സുള്ള്യ, മടിക്കേരി, കുശാൽനഗർ, ബോണിക്കുപ്പെ, സുൺടികോപ്പെ തുടങ്ങിയ വിവിധ ടൗണുകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
മാറിമാറി വണ്ടി ഓടിച്ച പ്രതികൾ യാത്രയ്ക്കിടയിൽ രണ്ടുതവണ വ്യാജ നമ്പർ പ്ലേറ്റുകളും മാറ്റിസ്ഥാപിച്ചിരുന്നു. ഒടുവിൽ മൈസൂരു യെലവല എന്ന പ്രദേശത്ത് ഇവർ വാഹനം നിർത്തി ഹെൽമറ്റ് മാറ്റിയ ദൃശ്യമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.
സമാന സ്വഭാവമുള്ള കേസുകളിലെ പ്രതികളുടെ പട്ടികയുമായി ഒത്തുനോക്കിയപ്പോഴാണ് അഭിരാജിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് മൈസൂരുവിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ എഎസ്ഐ പി.കെ.പ്രസാദും സിപിഒ നിധിൻ ദിവാകറും പ്രതികളിലേക്ക് എത്തുകയായിരുന്നു.
തുടർന്ന് എറണാകുളം പൊലീസിന്റെ സഹായത്തോടെ കുമ്പളങ്ങിയിൽ നിന്ന് അഭിരാജിനെ പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ചിത്രങ്ങളിൽ നിന്നാണ് ആദിത്യനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
അഭിരാജ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ആദിത്യനും പിടിയിലായത്. കാസർകോട് ജില്ലയിൽ അഭിരാജിന്റെ പേരിലുള്ള മൂന്നാമത്തെ കേസാണിത്.
ആളില്ലാത്ത വീടുകൾ ലക്ഷ്യമിടുന്ന പട്ടാപ്പകൽ മോഷണ രീതി
പകൽ സമയങ്ങളിൽ മാത്രം ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് അഭിരാജിന്റെ ശൈലി. വീടുകളുടെ പൂട്ടിയിട്ടിരിക്കുന്ന പ്രധാന വാതിലിലോ ഗേറ്റിലോ ചെന്ന് കോളിങ് ബെൽ അടിക്കുകയോ തട്ടുകയോ ചെയ്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് പതിവ്.
ആളില്ലെന്ന് ഉറപ്പായാൽ പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന് സ്വർണവും പണവും കവരും. കൃത്യം നടത്തുന്ന സമയങ്ങളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.
ജയിലുകളിൽ വെച്ച് പരിചയപ്പെടുന്നവരെയാണ് ഓരോ മോഷണത്തിനും കൂട്ടാളികളാക്കാറുള്ളത്. ഇത്രയേറെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടും ഇതുവരെ ഒരു കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എല്ലാം വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

