കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുതര സുരക്ഷാ വീഴ്ചകൾ പുറത്തുവരുന്നു. പുതിയ കെട്ടിടത്തിന് അഗ്നിസുരക്ഷാ നിരാക്ഷേപ പത്രം (ഫയർ എൻഒസി) ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
കെട്ടിട നിർമാണത്തിന് മുൻപ് ലഭിച്ച അനുമതിപത്രമാണ് കമ്പനി അധികൃതർ ഇപ്പോൾ രേഖയായി കാണിക്കുന്നത്.
എന്നാൽ, നിർമാണം പൂർത്തിയായതിന് ശേഷവും സുരക്ഷാ വിഭാഗത്തിന്റെ നിരാക്ഷേപ പത്രം നിർബന്ധമായും വാങ്ങിയിരിക്കണം. കെട്ടിടത്തിന്റെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് അഗ്നിസുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.
നിർമാണം പൂർത്തിയായ ശേഷം ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ എൻഒസി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് അത് തിരിച്ചയക്കുകയായിരുന്നു എന്നാണ് അധികൃതർ നൽകുന്ന വിവരം. ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഫയർ എൻഒസി അനിവാര്യമാണ്.
എന്നാൽ, നിർമാണ കമ്പനി കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഒക്യുപെൻസി സർട്ടിഫിക്കറ്റിന്റെ ആധികാരികതയിലും ഇപ്പോൾ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അഗ്നിസുരക്ഷാ നിരാക്ഷേപ പത്രം ലഭിക്കാതെ എങ്ങനെ ഒക്കുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന കാര്യത്തിൽ അഗ്നിസുരക്ഷാ അധികൃതരും ആശയക്കുഴപ്പത്തിലാണ്.
സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും സംശയത്തിന് ഇടയാക്കുന്നുണ്ട്. 2025 വർഷത്തെ വാർഡ് പുനർനിർണയ പ്രകാരം 10–ാം വാർഡിൽ 611 ആണ് കെട്ടിട
നമ്പർ എന്നും, എന്നാൽ 2013 വർഷത്തെ വാർഡ് നിർണയ പ്രകാരം 9–ാം വാർഡിൽ 475/സി ആണെന്നുമാണ് ഇതിൽ പറയുന്നത്. എന്നാൽ, രേഖകൾ പരിശോധിക്കുമ്പോൾ ഇത് രണ്ടു വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ മറ്റൊരു കെട്ടിടത്തിന്റെ നമ്പറാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു.
2025 ജൂലൈ 3ന് പഴയ സർജിക്കൽ ബ്ലോക്കിലുണ്ടായ അത്യാഹിതത്തെത്തുടർന്നാണ് ആശുപത്രി വാർഡുകൾ പുതിയ ബ്ലോക്കിലേക്ക് അടിയന്തരമായി മാറ്റിയത്. 2019ലെ കെട്ടിട
നിർമാണ ചട്ടപ്രകാരവും 2005ലെ പഞ്ചായത്ത്രാജ് നിയമപ്രകാരവും ഭാഗിക ഉപയോഗത്തിനും ഭാഗിക ഒക്കുപെൻസി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. 2019ലെ കേരള പഞ്ചായത്ത് കെട്ടിട
നിർമാണ ചട്ടങ്ങൾ, ചട്ടം 20 പ്രകാരം സർജിക്കൽ ബ്ലോക്ക് കെട്ടിടം സി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഈ വിഭാഗത്തിൽപെടുന്ന കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതിന് അഗ്നിസുരക്ഷാ നിരാക്ഷേപ പത്രം നിർബന്ധമാണെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

