കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുമായി ബന്ധിപ്പിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പ്രത്യേക ഫീഡർ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന്മേലുള്ള ചർച്ചകൾ സജീവമാകുന്നു. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാരുമായി ബന്ധപ്പെട്ട് അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവർ ഉറപ്പുനൽകിയിട്ടുണ്ട്.
വിഷയത്തിൽ കെഎസ്ആർടിസി സിഎംഡിയുമായി കൂടിയാലോചിച്ച ശേഷം ഔദ്യോഗിക നിലപാട് അറിയിക്കാമെന്ന് മന്ത്രി സി.പി.ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ബസ് സർവീസിനൊപ്പം കർണാടകയിലെ ബൈന്ദൂരിലേക്ക് പുതിയ മെമു ട്രെയിൻ സർവീസ് കൂടി ആരംഭിക്കുന്നത് നൂറുകണക്കിന് യാത്രികർക്കും തീർത്ഥാടകർക്കും വലിയ തോതിലുള്ള ആശ്വാസമാകുമെന്ന് വിവിധ ജനകീയ സംഘടനകൾ വിലയിരുത്തുന്നു.
“വന്ദേഭാരതുമായി ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് നടത്തുന്നത് ഭക്തർക്ക് ഗുണം ചെയ്യും. എന്നാൽ ബസ് മാത്രമായി ഓടിക്കുന്നതിന് പകരം കൊല്ലൂരിനടുത്ത് സ്റ്റേഷനായ ബൈന്ദൂരിലേക്ക് മെമു ട്രെയിൻ ഓടിക്കാൻ റെയിൽവേയും തയാറാകണം.
ഒരു ബസിൽ ഉൾക്കൊള്ളാവുന്നതിൽ ഏറെ ആളുകൾ പലപ്പോഴും ക്ഷേത്രദർശത്തിനായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെമു ട്രെയിന് പ്രസക്തിയേറുന്നത്.
ഭക്തർക്ക് ഏതു യാത്രാമാർഗവും സ്വീകരിക്കാം. ഇക്കാര്യത്തിൽ റെയിൽവേ വേണ്ട
നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം ഭാരവാഹി കെ.മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കൻ ജില്ലകളിൽ നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരിൽ വലിയൊരു വിഭാഗവും നിലവിൽ വന്ദേഭാരത് ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.
ഇതുസംബന്ധിച്ച് നീലേശ്വരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി എൻ.സദാശിവൻ വ്യക്തമാക്കിയത് ഇങ്ങനെ: “തിരുവനന്തപുരവും കൊല്ലവുമടക്കം തെക്കേ അറ്റത്തുള്ള ജില്ലകളിൽ നിന്ന് കൊല്ലൂരിൽ ദർശനത്തിൽ എത്തുന്ന ഭക്തർ ഏറിയ പങ്ക് ഉപയോഗിക്കുന്നത് വന്ദേ ഭാരത് ട്രെയിൻ ആണ്. ഇതിനോടടുപ്പിച്ച് കെഎസ്ആർടിസി ബസ് സൗകര്യം ഏർപ്പെടുത്തിയാൽ ഭക്തർക്ക് യാത്ര കൂടുതൽ സുഗമമാകും.
ഇതിനായി സർക്കാർ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ നടപടി സ്വീകരിക്കണം. സർവീസ് കൃത്യസമയം പാലിക്കുകയാണെങ്കിൽ ക്ഷേത്രത്തിലെത്തി രാത്രിയും രാവിലെയും ദർശനം നടത്തി പിറ്റേന്ന് ഉച്ച കഴിഞ്ഞുള്ള വന്ദേഭാരതിൽ തിരിച്ചുപോകാൻ സൗകര്യമുണ്ട്.” യാത്രക്കാരുടെ ഈ ആവശ്യത്തിന്മേൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ഭാഗത്തുനിന്നും അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാസർകോട്ടെ പൊതുസമൂഹവും വിവിധ യാത്രാ സംഘടനകളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

