മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ഹൈദരാബാദ് നാമ്പള്ളിയിലെ ബാറിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മീനങ്ങാടി യുഡിഎഫ്, യുഡിവൈഎഫ് നേതൃത്വം പുറത്തുവിട്ടു.
പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് ഹാജിസും ബാർ റെസ്റ്റോറന്റിലേക്ക് പോകുന്നതും 15 മിനിറ്റിനു ശേഷം തിരിച്ചുവരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ 28ന് പകൽസമയത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.
വിദ്യാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന് നേരെ എതിർവശത്തുള്ള ബാറിലേതാണ് ഈ ദൃശ്യങ്ങൾ. 1100 രൂപയുടെ മദ്യം വാങ്ങിയതിന് പണം നൽകിയതിന്റെ എടിഎം കാർഡ് ട്രാൻസാക്ഷൻ പകർപ്പും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
യാത്ര സമാപിച്ച ശേഷം നടത്തിയ രക്തപരിശോധനയിൽ ഇരുവരുടെയും ആൽക്കഹോൾ അളവ് രേഖപ്പടുത്തിയതിന്റെ ലാബ് റിപ്പോർട്ട്, സിസിടിവി ദൃശ്യങ്ങൾ, മദ്യം വാങ്ങിയതിന്റെ എടിഎം കാർഡ് ട്രാൻസാക്ഷൻ പകർപ്പ്, ബിൽ എന്നിവ സഹിതം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായി കെപിസിസി അംഗം കെ.ഇ. വിനയൻ, യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ് എന്നിവർ അറിയിച്ചു.
പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും തെറ്റുകാരനാണെന്നു സ്ഥാപിക്കുന്നതിനു വേണ്ടിയല്ല, മറിച്ച് ബസിനകത്ത് പ്രതികരിച്ച വിദ്യാർഥികളും പ്രതികരണങ്ങളുമായി രംഗത്ത് വന്ന രക്ഷിതാക്കളും വിദ്യാർഥി യുവജന സംഘടനാ പ്രവർത്തകരും കുറ്റക്കാരായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പരാതി നൽകിയതെന്നും നേതാക്കൾ വ്യക്തമാക്കി. ഒക്ടോബർ 26, 27 തീയതികളിലും താമസിച്ച ടൂറിസ്റ്റ് ഹോമിന് സമീപമുള്ള സർക്കാർ മദ്യശാലയിൽനിന്ന് ഇരുവരും വലിയതോതിൽ മദ്യം വാങ്ങിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.
യാഥാർഥ്യം ഇതായിരിക്കെ ചില വ്ലോഗർമാരെയും ഓൺലൈൻ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് പ്രിൻസിപ്പൽ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ഇറങ്ങിയതോടെ, ബസിനുള്ളിൽ പ്രതികരിച്ച വിദ്യാർഥികൾ തെറ്റുകാരായി ചിത്രീകരിക്കപ്പെടുകയായിരുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരിടത്ത് താമസിപ്പക്കാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായെന്ന ബസ് ഡ്രൈവറുടെ സമൂഹമാധ്യമങ്ങളിലെ പരാമർശം കാരണം കുട്ടികൾ ക്രൂരമായ ലൈംഗികാധിക്ഷേപത്തിനുപോലും ഇരയാകേണ്ടി വന്നു.
എംഡിഎംഎയുടെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നു വിദ്യാർഥികൾ എന്നു പോലും അധിക്ഷേപമുണ്ടായി. അതിക്രൂര വിചാരണയ്ക്കാണു കുട്ടികൾ വിധേയരായത്.
വിദ്യാർഥികളെ ചില അധ്യാപകർ ചേർന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് കുട്ടികൾ മൊഴി മാറ്റിയതെന്നും ഇവർ ആരോപിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മിഷന് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
കുട്ടികളുടെ സമരത്തിന് പിന്നിൽ 3 അധ്യാപകർക്ക് പങ്കുണ്ട്. സത്യം പുറത്തുവരുമെന്ന ഭയം ഉള്ളതു കൊണ്ടാണ് പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മൂത്രപ്പരിശോധനയ്ക്ക് ഹാജരാകാതിരുന്നത്.
മദ്യപിച്ച് 12 മണിക്കൂർ കഴിഞ്ഞാൽ രക്തത്തിൽ ആൾക്കഹോളിന്റെ അംശം കാണില്ലെന്ന ധാരണയിലാണ് അധ്യാപകൻ രക്തപരിശോധനയ്ക്ക് തയാറായത്. എന്നാൽ വിശദമായി നടത്തിയ പരിശോധയിൽ മദ്യപിച്ചുവെന്ന് ആരോപിക്കപ്പെട്ട
20 മണിക്കൂർ കഴിഞ്ഞിട്ടും ആൾക്കഹോളിന്റെ അളവ് രക്തത്തിൽ ഉണ്ടായിരുന്നു. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് പൊതുസമൂഹം നൽകുന്ന അംഗീകാരത്തെയും ബഹുമാനത്തെയും ദുരുപയോഗം ചെയ്തുകൊണ്ട് സ്വയം വിശുദ്ധനാകാൻ വേണ്ടി സ്വന്തം വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിൽ കടിച്ചുകീറാൻ പ്രിൻസിപ്പൽ ഇട്ടുകൊടുത്തത്.
അപമാനിക്കപ്പെട്ട പല വിദ്യാർഥികളും വിനോദയാത്രയ്ക്ക് ശേഷം ഇതുവരെ ക്ലാസിൽ എത്തിയിട്ടില്ല.
തങ്ങൾ തെറ്റുകാരല്ലെന്നും നേർവഴി കാണിക്കേണ്ട അധ്യാപകരുടെ ഭാഗത്താണ് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് നിയമപോരാട്ടമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ഷിവി കൃഷ്ണൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

