ഡെപ്യൂട്ടി എഡിറ്റർ ഡെസ്ക്: കാൽനൂറ്റാണ്ട് കാലത്തെ നീറുന്ന ഓർമകൾക്കും കണ്ണീരിനും വിരാമമിട്ട് അനിയത്തിയെ തേടി വർഷങ്ങൾക്കിപ്പുറം ജ്യേഷ്ഠത്തിയുടെ അരികിലെത്തി. 24 വർഷങ്ങൾക്കുമുൻപ്, അമ്മയില്ലാത്ത ഇരട്ടക്കുഞ്ഞുങ്ങളുമായി ജീവിതത്തോടു പൊരുതിയ 5 വയസ്സുകാരി അന്ന് ഒരു കുഞ്ഞോർമ കൂടി ചേർത്തുപിടിച്ചിരുന്നു.
തനിക്കൊരു അനിയത്തി കൂടിയുണ്ടായിരുന്നെന്ന ആ കണ്ണീരോർമ യാഥാർത്ഥ്യമായത് ഇന്നലെയാണ്. സരസുവിന്റെ കുഞ്ഞനിയരിയായ ശരണ്യ അവളെത്തേടി എത്തുകയായിരുന്നു.
കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഈ സഹോദരിമാർ തമ്മിൽക്കണ്ടത്. സഹോദരങ്ങളെ ചേർത്തുപിടിച്ചു തലയിലൊരു ബക്കറ്റുമായി നടന്നുപോയ സരസുവിന്റെ ചിത്രം 2002 ൽ പ്രസിദ്ധീകരിച്ചതോടെയാണു ആ ദുരിതജീവിതം ലോകം അറിയുന്നത്.
അമ്മ നഷ്ടപ്പെട്ടശേഷം പിതാവിനൊപ്പം തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ നിന്നു കണ്ണൂരിലെ ആലക്കോട്ടെത്തിയതായിരുന്നു ഈ കുരുന്നുകൾ. എന്നാൽ അമിത മദ്യപാനിയായിരുന്ന അച്ഛൻ അതിനുമുന്നേ ഇളയ മകൾ ശരണ്യയെ ആർക്കോ വിറ്റിരുന്നു.
അവളെക്കുറിച്ചുള്ള മായാത്ത ഓർമ സരസുവിന്റെ മനസ്സിൽ മാത്രമാണുണ്ടായിരുന്നത്. കടത്തിണ്ണയിൽ കഴിഞ്ഞുവന്ന സരസുവിന്റെ ജീവിതം പുറത്തുവന്നതോടെ അവളെയും രണ്ടര വയസ്സുള്ള സഹോദരൻമാരെയും കൊട്ടാരക്കര ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസും ഭാര്യ മിനി ജോസും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു.
മൂവർക്കും മികച്ച വിദ്യാഭ്യാസം നൽകി. സരസു സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.
കണ്ണൂർ സ്വദേശിയും സിവിൽ എൻജിനീയറുമായ നിഥിനെ അവൾ വിവാഹം കഴിക്കുകയും ചെയ്തു. സഹോദരന്മാർ ഐടിഐ വിദ്യാഭ്യാസത്തിനുശേഷം ഇപ്പോൾ ജോലി ചെയ്തുവരികയാണ്.
ഇതിനിടയിൽ, ഹൈദരാബാദിൽ ഭർത്താവ് രഘുറാമിനും മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന ശരണ്യയോടു രക്ഷിതാക്കൾ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് അവരെ കാണണമെന്ന ആഗ്രഹം ശരണ്യ രഘുറാമുമായി പങ്കുവെക്കുകയായിരുന്നു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവൾ തന്റെ സഹോദരങ്ങളെവിടെയെന്നു കണ്ടെത്തുകയായിരുന്നു.
വൈകാതെ, കുടുംബത്തോടൊപ്പം അവൾ ആശ്രയ സങ്കേതത്തിലെത്തുകയും ചെയ്തു. സരസുവിനെയും സഹോദരങ്ങളായ സുരേഷിനെയും ഉമേഷിനെയും കണ്ടു അവർ കണ്ണീർ തോരുംവരെ കരഞ്ഞു.
ഇനിയവർക്കു സന്തോഷത്തിന്റെയും നിറചിരിയുടെയും കാലമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

