കോഴിക്കോട് പുഷ്പ ജംക്ഷനു സമീപം ഓടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ അജയ് ഓറയോൺ (26) ആണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം പുറത്തറിയുന്നത്. പുഷ്പ ജംക്ഷനു സമീപമുള്ള ഇൻഡോ അസോഷ്യേറ്റ് കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോയ സ്ത്രീയാണ് ഓടയുടെ സ്ലാബിനിടയിലെ ചെറിയ ദ്വാരത്തിലൂടെ യുവാവിന്റെ കൈയും വസ്ത്രത്തിന്റെ ഭാഗവും പുറത്തുകാണുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വിവരം നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാർ ഉടൻ തന്നെ ബീച്ച് അഗ്നിരക്ഷാ നിലയത്തിലും ചെമ്മങ്ങാട് പൊലീസിലും വിവരമെത്തിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്ന് അര മണിക്കൂറോളം നീണ്ട
പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് സ്ലാബുകൾ തമ്മിലുള്ള അകലം വർധിപ്പിച്ചും, ചുടുകല്ലും തടിയും ഉപയോഗിച്ച് സ്ലാബുകൾ താങ്ങിനിർത്തിയുമായിരുന്നു രക്ഷാപ്രവർത്തനം.
തുടർന്ന് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
യുവാവ് എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇയാൾ ഓടയ്ക്കുള്ളിൽ ഇറങ്ങിയതാകാമെന്നോ അബദ്ധത്തിൽ വീണതാകാമെന്നോ ആണ് പ്രാഥമിക നിഗമനം.
സമീപത്ത് മറ്റ് വിടവുകൾ ഇല്ലാത്തതിനാൽ, നൂറു മീറ്ററോളം അകലെയുള്ള സ്ലാബുകളില്ലാത്ത ഭാഗത്തുകൂടി ഇയാൾ ഉള്ളിൽ പ്രവേശിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് താൻ ഓടയിൽ കുടുങ്ങിയതെന്ന് യുവാവ് ചിലരോട് പറഞ്ഞെങ്കിലും, പുറത്തെടുക്കുമ്പോൾ കാര്യമായ ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തതിനാൽ പൊലീസ് ഈ മൊഴി പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തിൽ ചെമ്മങ്ങാട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

