ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിഷരഹിതമായ ശുദ്ധജല മത്സ്യങ്ങൾ ലഭ്യമാക്കി ശ്രദ്ധേയമാവുകയാണ് ബാണാസുര സാഗർ ഡാം. കൃത്രിമ രാസവസ്തുക്കളോ ഐസോ ചേർക്കാതെ, പൂർണ്ണമായും ജീവനോടെയുള്ള മത്സ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
ബാണാസുര സാഗർ എസ്ടി റിസർവോയർ ഫിഷറീസ് സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലാണ് മത്സ്യക്കൃഷിയും വിതരണവും നടക്കുന്നത്. ഡാമിൽ സജ്ജീകരിച്ചിട്ടുള്ള കൂടുകളിൽ വളർത്തുന്ന മത്സ്യങ്ങൾക്കും, റിസർവോയറിൽ നിന്ന് വലവീശി പിടിക്കുന്നവയ്ക്കും വിപണിയിൽ വലിയ സ്വീകാര്യതയാണുള്ളത്.
ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ വിപണിയിൽ ഇത്തരം മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. കൂടുകളിൽ വളർത്തുന്ന ഗിഫ്റ്റ് തിലാപ്പിയ കൂടാതെ, ചെമ്പല്ലി, കട്ല, റോഹു, പരൽ തുടങ്ങിയ മത്സ്യങ്ങളും ഇവിടെ നിന്നും ലഭ്യമാക്കുന്നുണ്ട്.
വിവിധ ഇനം മത്സ്യങ്ങൾക്ക് 200 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. കാപ്പിക്കളം, മഞ്ഞൂറ, പുതുശേരിക്കടവ് എന്നിവിടങ്ങളിലെ പ്രത്യേക സ്റ്റാളുകൾ വഴിയാണ് വിപണനം.
മുൻകൂട്ടി ഓർഡർ നൽകി ആവശ്യമുള്ള മത്സ്യങ്ങൾ സ്വന്തമാക്കുന്നവരും നിരവധിയാണ്. വർഷം തോറും ഡാമിൽ 15 ലക്ഷവും കൂടുകളിൽ 5 ലക്ഷവും വീതം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് കൃഷി നടത്തിവരുന്നത്.
ഈ സുസ്ഥിരമായ മത്സ്യകൃഷി വഴി, സൊസൈറ്റിയിലെ നൂറോളം അംഗങ്ങൾക്കും ട്രോളിങ് നിരോധന കാലത്തും മികച്ച വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

