സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ യൂസ്ഡ് കാർ വിപനിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. വാഹന കൈമാറ്റം, ബാങ്ക് വായ്പ, ഇൻഷുറൻസ്, റജിസ്ട്രേഷൻ തുടങ്ങിയ പ്രധാന നടപടിക്രമങ്ങളെല്ലാം നിരന്തരം മുടങ്ങുന്നത് ഡീലർമാരെ വലിയ തോതിൽ വലയ്ക്കുന്നുണ്ട്.
അമ്പലവയൽ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി സാങ്കേതിക തടസ്സം മൂലം നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പ്രവർത്തനങ്ങൾ സ്തംഭിച്ചത് ഡീലർമാർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
വാഹനങ്ങളുടെ ഉടമാസ്ഥാവകാശ കൈമാറ്റം, ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കൽ, പുതിയവ ചേർക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഡീലർമാർക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ടാക്സി തൊഴിലാളികൾ തുടങ്ങി ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവരും കടുത്ത ദുരിതത്തിലാണ്.
മുൻപ് ഒറ്റത്തവണയായി ചെയ്തുതീർത്തിരുന്ന നടപടിക്രമങ്ങൾ ഇപ്പോൾ ഒട്ടേറെ ഘട്ടങ്ങളായി ചെയ്യേണ്ടി വരുന്നത് സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുന്നു. ഉടമസ്ഥാവകാശം വൈകുന്നത് ഒട്ടനവധി നിയമപരമായ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്.
ഒരു മാസത്തിലേറെയായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സന്തോഷ് എക്സൽ പ്രതികരിച്ചു. മുൻപ് വാഹനത്തിന്റെ ലോൺ മാറ്റുന്നതിനും പുതിയവ ചേർക്കുന്നതിനുമെല്ലാം സംസ്ഥാനത്തെ ഏത് ആർടി ഓഫീസിലും സാധ്യമായിരുന്നു.
എന്നാൽ നിലവിൽ അതാത് ആർടി ഓഫീസുകളിൽ നേരിട്ടെത്തണമെന്ന വ്യവസ്ഥ വാഹനം വിൽക്കുന്നവരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ആഴ്ചകൾക്ക് മുൻപ് വിൽപന നടത്തിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം പോലും ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല.
വാഹനം വാങ്ങിയ വ്യക്തികൾ ഏതെങ്കിലും തരത്തിലുള്ള കേസുകളിലോ മറ്റോ ഉൾപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം നിലവിലെ രേഖകളിലെ ഉടമയെയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ആർടി ഓഫീസുകളിലെ നിലവിലുള്ള അനിശ്ചിതത്വം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ മന്ത്രി ടി.സിദ്ദീഖിന് നിവേദനം സമർപ്പിച്ചു.
വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

