കഴിഞ്ഞ 8 വർഷത്തിനുള്ളിൽ നാലാം തവണയാണ് മണിമലയാർ പ്രളയവാഹിനിയായി കലിതുള്ളുന്നത്. 2018 ഓഗസ്റ്റ്, 2019 സെപ്റ്റംബർ, 2021 ഒക്ടോബർ മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും നദി അപകടകാരിയായി മാറിയിരിക്കുന്നത്.
വെറും 3 ദിവസം കൊണ്ടാണ് നദി വലിയ തോതിൽ കരകവിഞ്ഞത്. 2018 ലെ പ്രളയകാലത്തു പോലും മണിമലയാർ ഇത്രയധികം കരകവിഞ്ഞിട്ടില്ലെന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്.
2018 ഓഗസ്റ്റ് 15നാണു കല്ലൂപ്പാറ പ്രളയമാപിനിയിൽ ഏറ്റവും ഉയർന്ന ജലനിരപ്പായ 9.64 മീറ്റർ രേഖപ്പെടുത്തിയത്. അന്ന് പമ്പാജലം കൂടി കലർന്നൊഴുകുകയായിരുന്നു.
ഇന്നലെ ജലനിരപ്പ് 8.7 മീറ്ററായിരുന്നു. മഹാപ്രളയ കാലത്തേക്കാൾ വലിയ ദുരിതമാണ് കാട്ടാറായി മാറിയ നദി തീരവാസികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
നൂറുകണക്കിന് വീടുകൾ ഇതിനോടകം വെള്ളത്തിലായിക്കഴിഞ്ഞു. 2021 ഒക്ടോബർ 17നായിരുന്നു സമാനമായ ദുരന്തമുണ്ടായത്.
അന്ന് ഒരു ദിവസം കൊണ്ടാണ് നദി കരകവിഞ്ഞൊഴുകിയതെങ്കിൽ, ഇക്കുറി ഞായർ പുലർച്ചെയാണ് പെട്ടെന്ന് വെള്ളം ഉയർന്നത്. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ പ്രധാന റോഡുകളായ മല്ലപ്പള്ളി- കോഴഞ്ചേരി, തിരുവല്ല-കുമ്പഴ, എംസി റോഡ് , കല്ലൂപ്പാറ –മല്ലപ്പള്ളി റോഡ് ഉൾപ്പെടെ നൂറോളം റോഡുകളിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
പ്രളയജലത്തിന് ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് പ്രധാന പ്രശ്നം. നദിയുടെ കൈവഴിയായ തോടുകൾ പലതും ഇല്ലാതായതും കൈത്തോടുകൾ അടച്ചതും പാടശേഖരങ്ങൾ നികത്തിയതുമെല്ലാം ഈ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നുണ്ട്.
കുറ്റൂരും മറ്റ് പ്രദേശങ്ങളും മറ്റൊരു റാന്നിയായി മാറി. മഹാപ്രളയത്തിൽ പമ്പയും മണിമലയാറും പലയിടത്തും 5 കിലോമീറ്റർ വരെ പരന്നൊഴുകിയിരുന്നു.
അന്ന് നദികൾ ഗതിമാറി ഒഴുകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മഹാപ്രളയദിനങ്ങളിൽ മണിമലയാറ്റിലെ വെള്ളം പമ്പയിലേക്കും, പമ്പയിലെ വെള്ളം തിരികെ മണിമലയാറ്റിലേക്കും ഒഴുകി.
ഇതിനിടയിൽ കുറ്റൂർ പഞ്ചായത്ത് ഒറ്റപ്പെട്ട തുരുത്തായി മാറി.
വരട്ടാർ രണ്ടിന്റെയും ഇടയിൽകിടന്ന് പ്രളയജലം ഏറ്റുവാങ്ങിയില്ലായിരുന്നുവെങ്കിൽ തിരുവല്ല താലൂക്കിലെ കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളുടെയും ചെങ്ങന്നൂർ താലൂക്കിലെ ഇടനാടിന്റെയും അതിർത്തിയും ഭൂമിശാസ്ത്രവും മറ്റൊന്നായേനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

