സംസ്ഥാനത്ത് പുതുതായി എയിംസ് അനുവദിക്കുകയാണെങ്കിൽ അത് കാസർകോട് ജില്ലയ്ക്ക് നൽകണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരന്തബാധിതർക്ക് വലിയൊരു ആശ്രയ കേന്ദ്രമായി ഇത് മാറ്റണമെന്നും, ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന ദുരന്തബാധിതർ വലിയ തോതിൽ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ദയാബായി ഫൗണ്ടേഷന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിക്ക് മുമ്പിൽ ഈ നിർണായക ആവശ്യം ഉന്നയിച്ചത്. ദയാബായിയുടെ ഈ ആവശ്യത്തോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പുനൽകി.
ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും മാറ്റിവെച്ച് സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കായി പോരാട്ടം നടത്തുന്ന ധീരയായ വ്യക്തിയാണ് ദയാബായി എന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി നടപ്പിലാക്കും.
ചികിത്സ ലഭിക്കാതെ ഒരു കുഞ്ഞുപോലും പ്രയാസപ്പെടുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകില്ല. പുതിയതായി തുടക്കം കുറിച്ച ദയാബായി ഫൗണ്ടേഷന് കേരളത്തിൽ എവിടെയും ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിന്റെ ഭാഗമായി ദയാബായിയുടെ ജീവിതകഥയെ ആസ്പദമാക്കി ശ്രീവരുൺ സംവിധാനം ചെയ്ത ഫീച്ചർ ഫിലിം ശ്രീ തിയറ്ററിൽ പ്രദർശിപ്പിച്ചു. തുടർന്ന് ദയാബായി ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോ മന്ത്രി അനൂപ് ജേക്കബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

