നെയ്യാറ്റിൻകര പെരുമ്പഴുതൂർ മാമ്പഴക്കര ചെക്കാലവിള വീട്ടിൽ എസ്.മീന (41) എന്ന വീട്ടമ്മയാണ് അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നത്. മൂന്നു വർഷം മുൻപ് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണതിനെത്തുടർന്നാണ് മീനയ്ക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചത്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ. ജീവൻ നിലനിർത്താനായി ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് നടത്തേണ്ടതുണ്ട്.
വിദഗ്ധ ചികിത്സയുടെ ഭാഗമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഭാര്യയുടെ ചികിത്സയ്ക്കായി ഭർത്താവ് ജി.രാജേഷ് വൃക്ക ദാനം ചെയ്യാൻ സന്നദ്ധനാണ്.
എന്നാൽ, ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ വലിയൊരു തുക കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബം. ഭാര്യയെ ശുശ്രൂഷിക്കേണ്ടി വരുന്നതിനാൽ രാജേഷിന് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇവരുടെ മകൻ പോളിടെക്നിക് വിദ്യാർഥിയും മകൾ പത്താം ക്ലാസ് വിദ്യാർഥിയുമാണ്. കുട്ടികളുടെ പഠനച്ചെലവും ദൈനംദിന ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ഈ കുടുംബം ഇതിനോടകം വലിയൊരു തുക കടമായി വാങ്ങിയാണ് ചികിത്സ തുടരുന്നത്.
സഹായം അഭ്യർഥിച്ചുകൊണ്ട് എസ്ബിഐ നെയ്യാറ്റിൻകര ശാഖയിൽ ജി.രാജേഷിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. യുപിഐ അക്കൗണ്ട് മീനയുടെ പേരിലാണ് പ്രവർത്തിക്കുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് കൈത്താങ്ങായി നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

