കാസർകോട് ജില്ലയിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. ചെമ്പോത്തുമലയിലെ കൊല്ലക്കൊമ്പിൽ സാബുവിന്റെയും ലിജിയുടെയും മകളും പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസിലെ പ്ലസ്വൺ വിദ്യാർഥിനിയുമായ ലിയ മരിയ ആ ഭീതിയുടെ ഞെട്ടലിൽനിന്നു ഇതുവരെ മോചിതയായിട്ടില്ല.
ശക്തമായ മഴയിൽ ഇവരുടെ വീടിനു മുകളിലേക്ക് മരം പൊട്ടിവീഴുകയും സമീപത്തെ വൈദ്യുതത്തൂൺ തകരുകയും ചെയ്തു. അനുജൻ ലിയോ സാബു, മുത്തച്ഛൻ ഏബ്രാഹം, മുത്തശ്ശി ഏലിക്കുട്ടി എന്നിവരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ചെറുപുഴയിൽ ബേക്കറി നടത്തുന്ന സാബുവും ലിജിയും സ്ഥാപനത്തിലായിരുന്നു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് ആളുകൾ മാറിനടക്കാൻ ആവശ്യപ്പെട്ടെങ്കിലും എങ്ങോട്ടും രക്ഷപ്പെടാനാകാത്ത സാഹചര്യമായിരുന്നുവെന്നും മുത്തച്ഛന്റെ ധൈര്യത്തിലാണ് അന്ന് ജീവൻ പിടിച്ചുനിർത്തിയതെന്നും ലിയ ഓർക്കുന്നു.
തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകിയതിനാൽ മാതാപിതാക്കൾക്ക് വീട്ടിലെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ് ഇവർ വീട്ടിലെത്തിയത്.
അപകടഭീഷണി നിലനിൽക്കുന്നതിനാൽ ഈ കുടുംബം പിന്നീട് താമസം മാറ്റി. ‘വീടിനു പിന്നിൽ മണ്ണിടിഞ്ഞ ശബ്ദവും മരങ്ങൾ വീഴുന്ന ശബ്ദവും കേട്ടാണ് പുറത്തിറങ്ങിയത്.
അപ്പോഴാണ് തോട്ടിലൂടെ മലവെള്ളപ്പാച്ചിലിനൊപ്പം മണ്ണും ചെളിയും മരങ്ങളും ഒഴുകി വരുന്നത് കണ്ടത്’ – അന്ന് നേരിട്ട ദുരന്തം ഓർക്കുമ്പോൾ അഞ്ജുവിന്റെ കണ്ണുകളിൽ ഇപ്പോഴും നടുക്കമുണ്ട്.
ഹൈദരാബാദിൽ നഴ്സായി ജോലി ചെയ്യുന്ന അഞ്ജു അവധിക്കായി നാട്ടിലെത്തിയതാണ്. കേഴപ്ലാക്കൽ സജിയുടെയും ബീനയുടെയും മകളാണ് അഞ്ജു.
കുടുംബം പിന്നീട് സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി, കാവുംതല വാർഡുകളിലുൾപെട്ട
6 കേന്ദ്രങ്ങളിൽ ശക്തമായ ഉരുൾപൊട്ടലും മണ്ണൊലിപ്പുമുണ്ടായത്. കാവുംതല വടക്കേമലയിലും ഒറ്റക്കുഴി ചെമ്പോത്തുമലയിലും രണ്ടിടങ്ങളിൽവീതം ഉരുൾപൊട്ടി.
ഇതിനുപുറമേ അത്തിയടുക്കം, തയ്യേൻമുണ്ട, വായിക്കാനം തുടങ്ങിയ സ്ഥലങ്ങളിലും വലിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. തയ്യേനി ടൗണും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി.
മേഖലയിൽ നാൽപ്പതോളം വീടുകൾ അപകടഭീഷണിയിലാണ്. വീടുകളിൽ ചെളിവെള്ളം കയറി വാസയോഗ്യമല്ലാതായി.
ഇരുപതിലധികം കിണറുകളും കുളങ്ങളും നശിച്ചു. ഒറ്റക്കുഴി ചെമ്പോത്തുമലയിൽ രണ്ട് വീടുകൾ ഒറ്റപ്പെട്ടു.
ദുരിതത്തിലായ കുടുംബങ്ങൾക്കായി തയ്യേനി ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. വായിക്കാനം, ഒറ്റക്കുഴി മേഖലകളിലെ 17 കുടുംബങ്ങളിലെ 55 പേരെ ഈ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇതിൽ 43 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ചെമ്പോത്തുമലയിൽ കണിയാംപറമ്പിൽ റെജി, സെബാസ്റ്റ്യൻ എന്നിവരുടെ രണ്ടര ഏക്കറോളം കൃഷിഭൂമി പൂർണ്ണമായി നശിച്ചു.
റോഡുകളും ഒലിച്ചുപോയി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയൻകുന്ന്, പാലാവയൽ, അരിയിരുത്തി, ആയന്നൂർ, ഓടക്കൊല്ലി, കൂട്ടക്കുഴി, നിരത്തുംതട്ട്, ചാവറഗിരി എന്നിവിടങ്ങളിലും കനത്ത നാശമുണ്ടായി.
നഷ്ടങ്ങൾ തിട്ടപ്പെടുത്താൻ റവന്യു-പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃഷിവകുപ്പ് അധികാരികളും പരിശോധന നടത്തും. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം.
നീലേശ്വരം പുഴയും തേജസ്വിനിപ്പുഴയും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ചാത്തമത്ത്, പൊടോത്തുരുത്തി, ചെമ്മാക്കര, മുണ്ടേമ്മാട്, കരുവാച്ചേരി, തോട്ടുംപുറം പ്രദേശങ്ങളിൽ വെള്ളം കയറി. കിനാനൂർ–കരിന്തളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
ഫയർ ആൻഡ് റെസ്ക്യൂ, റവന്യു ഉദ്യോഗസ്ഥരെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളരിക്കുണ്ട് കുന്നുംകൈ ആറിലകണ്ടത്ത് പുഴയിടിച്ചിൽ മൂലം മൂന്ന് വീടുകൾ അപകടത്തിലായി.
റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഉപ്പള ശാരദ നഗർ കടപ്പുറത്ത് രൂക്ഷമായ കടലാക്രമണത്തിൽ അമ്പത് മീറ്ററോളം തീരം കടലെടുത്തു.
ഒരു വീട് പൂർണ്ണമായി തകർന്നു. ശശികലയുടെ വീടാണ് തകർന്നത്.
ഇവർ ബന്ധുവീട്ടിലേക്ക് മാറി. മഞ്ചേശ്വരം ഹാർബർ നിർമ്മാണത്തിന് ശേഷമാണ് കടലാക്രമണം രൂക്ഷമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പുലിമുട്ടുകളും തകർന്നിട്ടുണ്ട്. ശിവമൊഗ്ഗയിലുണ്ടായ മണ്ണിടിച്ചിലിൽ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (3) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടു.
ഇന്ദിരാനഗറിൽ ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡിന് മുകളിലേക്ക് കുന്നിടിഞ്ഞുവീഴുകയായിരുന്നു. ഹനുമന്ത എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്.
തീർഥഹള്ളി എംഎൽഎ അഗര ജ്ഞാനേന്ദ്ര സ്ഥലം സന്ദർശിച്ചു. ചെറുവത്തൂരിൽ തേജസ്വിനിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
അച്ചാംതുരുത്തി– കിഴക്കെമുറി പാലം തകർന്നു. കയ്യൂരിൽ വാഴത്തോട്ടങ്ങൾ നശിക്കുകയും കയാക്കിങ് സെന്റർ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

