എണ്ണപ്പാറ ∙ കടുത്ത വേനലിൽ ശുദ്ധജലം ക്ഷാമം നേരിടുമ്പോൾ മുക്കുഴിയിൽ ഒരു വർഷത്തിലധികമായി തുടരുന്ന ശുദ്ധജലം പാഴായിപ്പോകുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം.
കോടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴിയിൽ നിന്നും കത്തുണ്ടിയിലേക്ക് പോകുന്ന ജില്ലാ പഞ്ചായത്ത് റോഡ് നവീകരണ സമയത്ത് കലുങ്ക് നിർമാണത്തിനായി കുഴിയെടുത്തപ്പോൾ കത്തുണ്ടി ജലസംഭരണയിൽ ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതരെത്തി വലിയ പൈപ്പ് മാറ്റാതെ തന്ന സമാന്തരമായി ചെറിയ പൈപ്പ് സ്ഥാപിച്ച ശേഷം പിന്നീട് കലുങ്ക് നിർമിച്ച് റോഡ് പണി പൂർത്തിയാക്കുകയായിരുന്നു.
തുടർന്ന് വെള്ളം പമ്പ് ചെയ്യുമ്പോൾ കലുങ്കിനടിയിൽ നിന്നും വെള്ളം പാഴായി ദിവസവും നൂറുകണക്കിന് ലീറ്റർ ശുദ്ധജല നഷ്ടമാണ് സംഭവിക്കുന്നത്. ഇവിടെ വെള്ളം പാഴാകുന്നതിനാൽ കത്തുണ്ടി മലയിലേക്കുള്ള ജലസംഭരണിയിൽ വെള്ളം ആവശ്യത്തിന് എത്താതെ പ്രദേശത്ത് കടുത്ത ജലക്ഷാമം നേരിടുന്നതായും പരാതിയുണ്ട്.
നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പരാതിയെത്തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ പരിശോധന നടത്തിയെങ്കിലും കലുങ്ക് പൊളിച്ചാൽ മാത്രമെ ശാശ്വതപരിഹാരം ഉണ്ടാക്കാൻ സാധിക്കുവെന്നും അതിന് ജില്ലാ പഞ്ചായത്തിന്റെ അനുമതി വേണമെന്നുമാണ് അധികൃതർ പരാതിക്കാർക്ക് നൽകിയ മറുപടി. പ്രശ്നപരിഹാരത്തിന് ജില്ലാ പഞ്ചായത്തും കൂടി ഇടപെടണമെന്നാണ് നിലവിൽ നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

