ബദിയടുക്ക ∙ ബദിയടുക്ക ടൗണിൽ എല്ലാ ശനിയാഴ്ചയും നടക്കുന്ന ആഴ്ചച്ചന്തയിലേക്കു വിവിധയിടങ്ങളിൽ നിന്നു തെരുവോര വ്യാപാരികളെത്തുന്നെങ്കിലും കെട്ടിടമില്ലാത്തതു തിരിച്ചടി. ആധുനിക സൗകര്യമുള്ള കെട്ടിട
സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തം. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ലഭ്യമായ സ്ഥലത്ത് ഇതിനു വലിയൊരു ഹാൾ പണിതിട്ടുണ്ട്.
എല്ലാ വ്യാപാരികളെയും ഉൾക്കൊള്ളുന്നതിനു ഇവിടെ സൗകര്യമില്ല. കർണാടകയിലെയും കാസർകോട് ജില്ലയിലെയും നൂറോളം വ്യാപാരികളെത്തുന്നതിനാൽ ഹാളിനു പുറത്ത് റോഡിനു ഇരുവശവുമാണ് വ്യാപാരം.
ഹാളിനകത്ത് പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന വ്യാപാരികളെ കൊള്ളാനുള്ള സ്ഥലമില്ല.
ബസ് സ്റ്റാൻഡിനു സമീപത്ത് ചന്ത നടത്തുന്നതിനാൽ പെട്ടെന്ന് വാങ്ങി പോകാൻ സൗകര്യമുള്ളതിനാൽ ഒട്ടേറെ പോരാണ് ചന്ത സന്ദർശിക്കുന്നത്. മഴയത്താണ് പുറത്ത് വ്യാപാരം നടത്തുന്നവർക്ക് ദുരിതമാവുന്നത്. ഷീറ്റ് വലിച്ചു കെട്ടി വ്യാപാരം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴയിൽ വ്യാപാരം അലങ്കോലമാവുന്ന സ്ഥിതിയാണ്.
എങ്കിലും ഇവിടെയെത്തുന്ന വ്യാപാരികളും ഉപഭോക്താക്കളും കുറയുന്നില്ല. അതിനുള്ള കാരണം ഇഷ്ടപ്പെട്ട
സ്ഥലത്ത് ചന്ത നടക്കുന്നത് കൊണ്ടാണ്. പഞ്ചായത്തിനു പരിസരത്ത് വേറെ സ്ഥലമില്ലാത്തിനാൽ വേറെ കെട്ടിടം പണിയാൻ പറ്റുന്നുമില്ല.
കർണാടകയിലെ പുത്തൂർ, വിട്ള, സുള്ള്യ എന്നിവിടങ്ങളിൽ നിന്നും ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും തെരുവുവ്യാപാരികൾ ഇവിടെ എത്തുന്നു. 20വർഷം മുൻപാണ് ഇവിടെ ചന്ത തുടങ്ങിയത്.
പഴം,പച്ചക്കറി, വസ്ത്രം, ഫാൻസി ഐറ്റംസ്, മത്സ്യം, വളർത്തുമൃഗങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ വിൽക്കുന്നു. പുത്തിഗെ, എൻമകജെ, കുംബഡാജെ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഇവിടെ എത്തുന്നു. പഞ്ചായത്തിൽ നിന്നു 3 ലക്ഷത്തോളം രൂപയ്ക്കാണ് ചന്ത വർഷം തോറും ലേലത്തിനെടുക്കുന്നത്. ആധുനിക സൗകര്യമുള്ള സ്റ്റാളുകളും വെള്ളവും വെളിച്ചവും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

