കോഴിക്കോട് നഗരത്തിൽ ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവിനെ പന്നിയങ്കര പൊലീസ് പിടികൂടി. മൂഴിക്കൽ കോരകുന്നുമ്മൽ വീട്ടിൽ മുഹമ്മദ് അസ്ലം (32) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച കണ്ണഞ്ചേരി റെയിൽവേ അണ്ടർ പാസിന് സമീപത്ത് വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിൽപനയ്ക്കായി കരുതിയിരുന്ന 5.202 ഗ്രാം എംഡിഎംഎയും, ലഹരിമരുന്ന് വിറ്റുകിട്ടിയ 64,000 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
പൊലീസിനെ കണ്ടയുടൻ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പിടികൂടുകയായിരുന്നു. വലിയങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊത്ത വിതരണക്കാരിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
കണ്ണഞ്ചേരി, വട്ടക്കിണർ, ആർട്സ് കോളജ് പരിസരം, രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും അതിഥി തൊഴിലാളികൾക്കും ഇയാൾ ലഹരി എത്തിച്ചുനൽകിയിരുന്നു. സ്വന്തം ലഹരി ഉപയോഗത്തിനായുള്ള പണം കണ്ടെത്തിയിരുന്നതും ഈ വിൽപനയിലൂടെയാണ്.
പ്രതിയുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നവരെക്കുറിച്ചും ഇടപാടുകാരായ മറ്റുള്ളവരെക്കുറിച്ചും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ, സബ് ഇൻസ്പെക്ടർ അമൽ ജോയ്, എഎസ്ഐമാരായ സുനിൽ, ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി.ദിലീപ്, ശ്രീനാഥ്, മൻഷിദ്, വൈഷ്ണവ്, സിവിൽ പൊലീസ് ഓഫിസർ രമ്യ, ഹോം ഗാർഡ് ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

