കാഞ്ഞങ്ങാട് ∙ കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹത്തിന് മരുന്ന് ലഭ്യമാക്കുന്ന ‘മിഠായി’ പദ്ധതി താളംതെറ്റി. പദ്ധതി പ്രകാരവും കാരുണ്യ ഫാർമസി വഴിയും ഇപ്പോൾ മരുന്നുകൾ ലഭ്യമാകുന്നില്ല. കിട്ടുന്നത് ഫലം ലഭിക്കാൻ ഏറെ സമയം എടുക്കുന്ന സ്ലോ ആക്ഷൻ മരുന്നുകളും.
റാപ്പിഡ് ആക്ഷൻ മരുന്നുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുട്ടികളുടെ മാതാപിതാക്കൾ കൂട്ടത്തോടെയെത്തി കലക്ടർ കെ. ഇമ്പശേഖറിനു നിവേദനം നൽകി.
ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കാണ് മിഠായി പദ്ധതി പ്രകാരം മരുന്ന് ലഭിക്കുന്നത്.
റാപ്പിഡ് ആക്ഷൻ ഇൻസുലിൻ കിട്ടാതെ വന്നതോടെ മാതാപിതാക്കൾ സ്ലോ ആക്ഷൻ ഇൻസുലിനാണ് ഉപയോഗിക്കുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളെ ഇത് പ്രതിസന്ധിയിലാക്കുന്നു. റാപ്പിഡ് ആക്ഷൻ ഇൻസുലിൻ ഭക്ഷണത്തിന് 20 മിനിറ്റ് മുൻപ് കുത്തിവച്ചാൽ മതി.
എന്നാൽ, സ്ലോ ആക്ഷൻ ഇൻസുലിൻ ഭക്ഷണത്തിന് മുക്കാൻ മണിക്കൂർ മുൻപു കുത്തിവയ്ക്കണം. ചെറിയ കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തിയാണ് മരുന്നു നൽകുന്നത്.
വലിയ കുട്ടികൾ സ്വയം കുത്തിവയ്പ് എടുക്കുന്നു.
18 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് പദ്ധതിയിൽ മരുന്നും ലഭിക്കുന്നില്ല. പലപ്പോഴും ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ കുത്തിവയ്പ് എടുക്കേണ്ട
സ്ഥിതിയാണ്. ജില്ലയിൽ 126 കുട്ടികളാണ് ടൈപ്പ് വൺ പ്രമേഹ ചികിത്സയിലുള്ളത്. ഇതിൽ ഒരു കുടുംബത്തിൽതന്നെ രണ്ടു പേരുള്ളവരുമുണ്ട്.
ഇത് കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
ജില്ലയിൽ എൻഡോക്രൈനോളജി വിഭാഗമില്ലാത്തതും ഡോക്ടർ ഇല്ലാത്തതും ഇത്തരം കുട്ടികളെ വല്ലാതെ ബാധിക്കുന്നു. മറ്റു ജില്ലകളിൽ പോയാണ് ഇവർ ഡോക്ടറെ കാണുന്നത്.
ജില്ലാ ആശുപത്രിയിൽ എൻഡോക്രൈനോളജി ആരംഭിക്കണമെന്ന ആവശ്യവും രക്ഷിതാക്കൾക്കുണ്ട്. ഇതിനിടെ ഇന്നലെ ജില്ലയിലെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ടൈപ്പ് വൺ പ്രമേഹ രോഗത്തിനുള്ള മരുന്ന് നൽകാൻ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി. പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

