അതീവ മാരകമായ കളനാശിനി അബദ്ധത്തിൽ ശരീരത്തിൽ എത്തി ഗുരുതരാവസ്ഥയിലായ രണ്ടു വയസ്സുകാരന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചു. കന്യാകുമാരി സ്വദേശിയായ കുട്ടിയാണ് അത്ഭുതകരമായ രോഗമുക്തി നേടിയത്.
ജൂൺ 29 നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശം, വൃക്ക, കരൾ തുടങ്ങിയ പ്രധാന അവയവങ്ങളെ സാരമായി ബാധിക്കുന്ന പാരാക്വാറ്റ് വിഷബാധയ്ക്ക് നിലവിൽ ലോകത്ത് പ്രത്യേക പ്രതിവിഷം ലഭ്യമല്ല.
വിഷാംശം ഉള്ളിൽ ചെന്നാലുടനുള്ള ആദ്യ മണിക്കൂറുകളിൽ തന്നെ ചികിത്സ ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്. സമയബന്ധിതമായി കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും അടിയന്തര ചികിത്സ ലഭ്യമാക്കാനും സാധിച്ചതാണ് വഴിത്തിരിവായത്.
ഇതുമൂലം പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചു. നിലവിൽ കുട്ടി പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും മടങ്ങി.
ഡോ.ജി.എസ് ബിന്ദു, ഡോ.ആരതി രാജ്, ഡോ.സൂസൻ ഉതുപ്പ്, ഡോ.സി.ആർ.രാധിക, ഡോ.ക്രിസ്റ്റി തോമസ് എന്നിവരടങ്ങുന്ന പ്രത്യേക ഡോക്ടർമാരുടെ സംഘമാണ് ഈ സങ്കീർണ്ണമായ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ ഹീമോപെർഫ്യൂഷൻ (Hemoperfusion) ചികിത്സയിലൂടെയാണ് കുട്ടിയുടെ രക്തത്തിൽ നിന്നും ശരീരത്തിൽ നിന്നുമായി പാരാക്വാറ്റ് വിഷാംശം പൂർണ്ണമായി നീക്കം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

