ദേശീയതലത്തിൽ ശ്രദ്ധേയമായ സാമ്പത്തിക കേസിൽ സീ ഗ്രൂപ്പ് സ്ഥാപകനും മുൻ എംപിയുമായ സുഭാഷ് ചന്ദ്രയ്ക്ക് അനുകൂലമായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) സുപ്രധാന വിധി. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും നൽകാനുള്ള മൊത്തം 22,006.57 കോടി രൂപയുടെ കടബാധ്യതയിൽ നിന്നും വെറും 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയിരിക്കുന്നത്.
ഈ നിർണ്ണായക ഉത്തരവോടെ കടം നൽകിയ വിവിധ ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും തങ്ങൾ നൽകിയ പണത്തിന്റെ 99.97 ശതമാനത്തോളം തുക നഷ്ടമാകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് നൽകിയ ഹർജിയെ തുടർന്നാണ് ട്രൈബ്യൂണൽ ഈ നടപടി സ്വീകരിച്ചത്.
സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിവേക് ഇൻഫോകോൺ എന്ന സ്ഥാപനത്തിനായി 170 കോടി രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് എൻസിഎൽടിക്ക് മുന്നിൽ എത്തിയത്.
ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗം അശോക് കുമാർ ഭരദ്വാജ്, ടെക്നിക്കൽ അംഗം റീന സിൻഹ പുരി എന്നിവർ തമ്മിലുണ്ടായ ഭിന്നവിധിയെ തുടർന്ന് കേസ് എൻസിഎൽടി പ്രസിഡന്റ് നിയോഗിച്ച മൂന്നാമത്തെ അംഗമായ നിലേഷ് ശർമയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. തുടർന്ന് അദ്ദേഹം ഈ തിരിച്ചടവ് പദ്ധതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ട്രൈബ്യൂണലിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. തങ്ങൾക്ക് അവകാശപ്പെട്ട
വലിയ തുകയ്ക്ക് പകരം വളരെ തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നതെന്ന് എൽഐസി ഹൗസിങ് ഫിനാൻസ് കോടതിയിൽ വാദിച്ചു. തങ്ങൾ അവകാശപ്പെട്ട
1,322.39 കോടി രൂപയ്ക്ക് പകരമായി എൽഐസിക്ക് ലഭിക്കുന്നത് വെറും 38 ലക്ഷം രൂപ മാത്രമാണ്. മറുവശത്ത്, സുഭാഷ് ചന്ദ്രയുമായി ബന്ധമുള്ള കമ്പനികൾ ഈ തിരിച്ചടവ് പ്ലാനിനെ ശക്തമായി പിന്തുണയ്ക്കുകയാണുണ്ടായത്.
വോട്ടെടുപ്പ് വേളയിൽ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട കമ്പനികളുടെ വോട്ടുകൾ പരിഗണിക്കരുതെന്ന് ബാങ്കുകൾ വാദിച്ചെങ്കിലും, കോടതി ഇവരെയും വോട്ടിംഗിൽ ഉൾപ്പെടുത്തി.
തിരിച്ചടവ് പദ്ധതിക്ക് 80.814% പിന്തുണ ലഭിച്ച സാഹചര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് 144 പേജുള്ള ഉത്തരവിൽ ട്രൈബ്യൂണൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

