ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് സമീപം കടലിനടിയിൽ അപൂർവ്വമായ പവിഴപ്പുറ്റുകളുടെ കൂട്ടം കണ്ടെത്തി. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ കടൽ സസ്തനി സർവേയ്ക്കിടെയാണ് ഓറഞ്ച്, വെളുപ്പ്, പച്ച എന്നീ നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന കോറലുകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്.
കാഴ്ചയിൽ അതിമനോഹരമാണെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ സമുദ്ര ആവാസ വ്യവസ്ഥയിൽ വരുത്തുന്ന ഗുരുതരമായ ആഘാതത്തിന്റെ നേർസാക്ഷ്യമാണിതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ലോബോഫില്ലിയ കൊറിംബോസ, ലോബോഫില്ലിയ റേഡിയൻസ് എന്നീ രണ്ട് വ്യത്യസ്ത ഇനത്തിൽപെട്ട
പവിഴജീവികൾ അടുത്തടുത്ത് വളരുന്നതാണ് ഈ മൂവർണ പ്രതിഭാസത്തിന് കാരണമായത്. ഇതിൽ ഓറഞ്ച് നിറത്തിൽ കാണപ്പെട്ടത് ലോബോഫില്ലിയ കൊറിംബോസ വിഭാഗത്തിൽപെട്ട
കോറലാണ്. അതേസമയം, വെളുപ്പും പച്ചയും നിറങ്ങളിൽ കാണപ്പെട്ടത് ലോബോഫില്ലിയ റേഡിയൻസ് ഇനവുമാണ്.
സമുദ്രത്തിലെ താപനില വർധിച്ചതിനെ തുടർന്ന് ലോബോഫില്ലിയ റേഡിയൻസ് വിഭാഗത്തിൽപെട്ട കോറലിന് ‘കോറൽ ബ്ലീച്ചിങ്’ സംഭവിക്കുകയും, ഇതിന്റെ ഫലമായി അവയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് വെളുത്ത നിറത്തിലേക്ക് മാറുകയും ചെയ്തു.
എന്നാൽ, അതേ ഇനത്തിൽപെട്ട മറ്റൊരു കോറൽ സമുദ്ര താപനിലയെ പ്രതിരോധിച്ച് തൊട്ടടുത്തായി ആരോഗ്യത്തോടെ പച്ച നിറത്തിൽ നിലനിൽക്കുന്നുമുണ്ട്.
സിഎംഎഫ്ആർഐയിലെ റിസർച് സ്കോളർ ആൽവിൻ ആന്റോ ആണ് ഈ അപൂർവ്വ ദൃശ്യങ്ങൾ തന്റെ ക്യാമറയിൽ പകർത്തയത്. ഇന്ത്യയുടെ സമുദ്ര ജൈവവൈവിധ്യത്തിന്റെ സമ്പന്നതയാണ് ഈ കാഴ്ച വെളിപ്പെടുത്തുന്നതെങ്കിലും, അതോടൊപ്പം തന്നെ സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.
ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

