ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദ്, ദി വാൾസ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സിഇഒ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ സംഘടിപ്പിച്ച സിഇഒ കൗൺസിൽ സമ്മിറ്റിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ലോകമെമ്പാടുമുള്ള വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരെയും എക്സിക്യൂട്ടീവുകളെയും ഒന്നിപ്പിക്കുന്ന വേദിയാണ് ഈ സിഇഒ കൗൺസിൽ. ആഗോള സാമ്പത്തിക സ്ഥിതി, നൂതന സാങ്കേതികവിദ്യകൾ, നേതൃത്വപാടവം, ഭൗമരാഷ്ട്രീയ വിഷയങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചാവിഷയമായി.
സിഇഒ കൗൺസിലിലെ അംഗമെന്ന നിലയിൽ, ആഗോളതലത്തിൽ ബിസിനസ് രംഗത്തെ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കുന്ന നിർണായക ചർച്ചകളിൽ ഇനി അദീബ് അഹമ്മദും പങ്കാളിയാകും. വിവിധ ഫോറങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കോർപ്പറേറ്റ് നേതൃത്വത്തെയും സാമ്പത്തിക വളർച്ചയെയും കുറിച്ചുള്ള ആശയങ്ങൾ ഇദ്ദേഹം മറ്റ് ആഗോള നേതാക്കളുമായി പങ്കുവെക്കും.
നിയമനത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം ഇങ്ങനെയാണ്: “ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളുമായി ആശയങ്ങൾ പങ്കുവെക്കാനും ചർച്ചകളിൽ പങ്കെടുക്കാനും ലഭിക്കുന്ന അവസരം ഏറെ വിലപ്പെട്ടതാണ്. ഞങ്ങൾ സേവനം നൽകുന്ന വിപണികളിലെയും സമൂഹങ്ങളിലെയും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഈ വേദിയിൽ പങ്കുവെക്കും.” ഗൾഫ് രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ തലവനാണ് അദീബ് അഹമ്മദ്.
നിലവിൽ ഫിക്കി അറബ് കൗൺസിലിന്റെ ചെയർമാൻ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

