അമേരിക്കന്‍ ഉപരോധ ഭീഷണികളെയും തീരുവ വെല്ലുവിളികളെയും അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാടുമായി ഇന്ത്യ. അമേരിക്കയുടെ പുതിയ നീക്കം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ഔദ്യോഗികമായി യു.എസുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുര്‍ക്കി, സ്ലോവാക്യ, ഹംഗറി എന്നീ അഞ്ച് രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്തുന്നതിനുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അടുത്തിടെ പാസാക്കിയിരുന്നു. യു.എസിന്റെ ഉപരോധ ബില്‍ നിലനില്‍ക്കെത്തന്നെ, ഊര്‍ജ മേഖലയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യക്തമായ സൂചന.
രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ ഊര്‍ജം പര്യാപ്തമായ അളവിലും മിതമായ നിരക്കിലും തടസ്സമില്ലാതെ ഉറപ്പാക്കുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര പ്രതികരിച്ചു.
ആഗോള വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി റഷ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധ്യതകളാണ് രാജ്യം പരിശോധിക്കുന്നത്. റഷ്യയുമായുള്ള വ്യാപാരബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നാണ് അമേരിക്കയുടെ കര്‍ശന മുന്നറിയിപ്പ്.
എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും വ്യാപാര സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യ ഉറച്ച നിലപാടെടുത്തു. അമേരിക്കയുടെ ഈ പ്രതികാര നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി വ്യാപാര കരാറുകളെ വരെ ബാധിച്ചേക്കാമെന്നതിനാല്‍, ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

