വിജയവാഡയിൽ അതീവ നാടകീയമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. മുംബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന കീർത്തി (24) എന്ന യുവതിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട
തർക്കങ്ങൾ സംഘർഷത്തിൽ കലാശിച്ചു. ജൂലായ് 14-ന് മുംബൈയിലെ പിജി ഹോസ്റ്റലിൽ വെച്ചാണ് കീർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാമുകനായ സായ് സുമന്തുമായുള്ള പ്രണയത്തകർച്ചയും വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഖത്തറിൽ എൻജിനീയറായി ജോലി ചെയ്യുന്ന സായ് സുമന്ത് ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ പൊണ്ടുരു സ്വദേശിയാണ്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും എട്ടു വർഷമായി പ്രണയത്തിലായിരുന്നു.
മരണത്തിന് മുൻപ് താൻ മരിച്ചാൽ തന്റെ മൃതദേഹം കാമുകന്റെ നാട്ടിൽ സംസ്കരിക്കണമെന്ന് കീർത്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ചാണ് യുവതിയുടെ ബന്ധുക്കൾ മൃതദേഹവുമായി സായ് സുമന്തിന്റെ വീട്ടിലെത്തിയത്.
സായ് സുമന്ത് മൃതദേഹത്തിൽ താലി ചാർത്തണമെന്നും തുടർന്ന് പൊണ്ടുരുവിൽ വെച്ച് തന്നെ സംസ്കാരം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം യുവാവ് നാട്ടിലില്ലായിരുന്നു.
സുമന്ത് തിരിച്ചെത്തണമെന്നും താലി ചാർത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഇരു കുടുംബങ്ങളും തമ്മിൽ വാക്കുതർക്കവും നേരിയ സംഘർഷവും ഉണ്ടായി. ഒടുവിൽ, പൊണ്ടുരു ഗ്രാമത്തിൽ വെച്ച് തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ സുമന്തിന്റെ വീട്ടുകാർ സമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾ അയഞ്ഞത്.
തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്തി. നിലവിൽ ഈ സംഭവത്തിൽ മുംബൈ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതെന്ന് ആന്ധ്രാപ്രദേശ് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

